സൂറത്ത്: സൈബർ തട്ടിപ്പ് കേസിൽ ഗുജറാത്തിലെ 27 വജ്ര നിർമ്മാണ-വ്യാപാര കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകൾ കേരള, തെലങ്കാന പൊലീസ് മരവിപ്പിച്ചു. ഉടൻ പ്രാബല്യത്തിൽ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് രണ്ട് സംസ്ഥാനങ്ങളിലെയും പൊലീസ് ആവശ്യപ്പെട്ടതായി ആഗസ്റ്റ് 9 മുതലാണ് കമ്പനികൾക്ക് അതത് ബാങ്കുകളിൽ നിന്ന് നോട്ടീസ് ലഭിച്ചത്. വിശദാംശങ്ങൾക്ക് പൊലീസ് സ്റ്റേഷനുകളിൽ എത്തണമെന്നും നിർദേശിച്ചു.
തങ്ങളെ അറിയിക്കാതെയാണ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നാരോപിച്ച് കമ്പനികൾ സൂറത്ത് സിറ്റി പൊലീസിനെ സമീപിച്ചു. കോടികളുടെ ഇടപാടുകൾ മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് തെലങ്കാനയിലെയും കേരളത്തിലെയും പൊലീസ് അധികൃതർക്ക് പരാതി നൽകിയതായും ഇവർ പറഞ്ഞു. എന്നാൽ, സൈബർ ക്രൈം തട്ടിപ്പുമായി ബന്ധപ്പെട്ട കേസാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും തെലങ്കാന രചകൊണ്ട സൈബർ ക്രൈം യൂണിറ്റ് ഡെപ്യൂട്ടി കമ്മീഷണർ ബി. അനുരാധ പറഞ്ഞു.
“വജ്ര കമ്പനികൾ അവരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ് ബിസിനസ് ഇടപാടുകൾ നടത്തുന്നത്. തൊഴിലാളികളുടെ ശമ്പളം പോലും അതേ അക്കൗണ്ടിൽ നിന്നാണ് എടുക്കുന്നത്. മരവിപ്പിച്ചതിനെ കുറിച്ച് അറിഞ്ഞയുടൻ ഞാൻ സൂറത്ത് അഡീഷണൽ പൊലീസ് കമ്മീഷണർ ശരദ് സിംഗാളുമായി ബന്ധപ്പെട്ടു. വിശദാംശങ്ങൾ നൽകാൻ വജ്രവ്യാപാരികൾ വ്യാഴാഴ്ച അദ്ദേഹത്തെ നേരിട്ട് കാണും’ -ജെംസ് ആൻഡ് ജ്വല്ലറി എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ മുൻ ചെയർമാൻ ദിനേഷ് നവാഡിയ ‘ദി ഇന്ത്യൻ എക്‌സ്പ്രസി’നോട് പറഞ്ഞു. വ്യാപാരികൾക്ക് പിന്തുണ പ്രഖ്യാപിച്ച സൂറത്ത് ഡയമണ്ട് അസോസിയേഷൻ വൈസ് പ്രസിഡന്റ് ധർമേഷ് ഖുന്ത്, പൊലീസുമായുള്ള ചർച്ചയിൽ തങ്ങളും പങ്കെടുക്കുമെന്ന് അറിയിച്ചു.
തെലങ്കാനയിലെയും കേരളത്തിലെയും ജ്വല്ലറി സ്ഥാപനങ്ങളുമായി നടത്തിയ ഇടപാടുകളുടെ എല്ലാ രേഖകളുമായി വജ്ര വ്യവസായികളോട് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സൂറത്ത് ജോയിന്റ് പൊലീസ് കമ്മീഷണർ ശരദ് സിംഗാൾ പറഞ്ഞു. ‘ജ്വല്ലറി ബിസിനസുകാരുമായി ബന്ധപ്പെട്ട ചില സൈബർ തട്ടിപ്പ് നടന്ന പശ്ചാത്തലത്തിലാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. ലക്ഷങ്ങളുടെ ഇടപാടുകൾ നടത്തിയ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് മരവിപ്പിച്ചിട്ടുണ്ട്” -അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നടപടി നേരിട്ട വജ്രവ്യാപാരികളുമായി ബന്ധപ്പെട്ടപ്പോൾ ഈ വിഷയത്തിൽ സംസാരിക്കാൻ വിസമ്മതിച്ചതായും ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.