മണ്ഡൂസ് ചുഴലിക്കാറ്റ്: 16 വിമാനങ്ങൾ റദ്ദാക്കി

ചെന്നൈ: മണ്ഡൂസ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ ചെന്നൈയിൽ നിന്നുള്ള 16 വിമാനങ്ങൾ റദ്ദാക്കി. മോശം കാലാവസ്ഥയെ തുടർന്ന് 13 ആഭ്യന്തര വിമാനങ്ങളും മൂന്ന് അന്താരാഷ്ട്ര വിമാനങ്ങളുമാണ് റദ്ദാക്കിയത്. യാത്രക്കാർ വിശദവിവരങ്ങൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് ചെന്നൈ ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു.

മൺ​ഡൂസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ മാമല്ലപുരത്ത് (മഹാബലിപുരം) പുലർച്ചെ 1.30 ഓടെ പ്രവേശിച്ചു. മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിലാണ് കാറ്റടിച്ചത്. ചെന്നൈ നഗരത്തിൽ മഴ തുടരുന്നതിനാൽ പട്ടിനപാക്കം മേഖലയിൽ വെള്ളക്കെട്ട് തുടരുകയാണ്.

ചെന്നൈയിൽ ഇരുന്നൂറോളം മരങ്ങൾ കടപുഴകി. കനത്ത മഴയിൽ നഗരത്തിലെ തെരുവുകൾ വെള്ളത്തിനടിയിലായി. എന്നാൽ, ക്രിയാത്മകമായ ഇടപെടൽ മൂലം വൻ നാശനഷ്ടം ഒഴിവായതായി അധികൃതർ പറഞ്ഞു. ചെങ്കൽപട്ട് ജില്ലയിലും ഈസ്റ്റ് കോസ്റ്റ് റോഡിലും ജിഎസ്ടി റോഡിലും മരങ്ങൾ കടപുഴകി. രണ്ട് ജില്ലകളിലും വൈദ്യുതി മുടങ്ങി.

പത്ത് ജില്ലകളിലായി ദേശീയ ദുരന്ത നിവാരണ സേനയെ (എൻഡിആർഎഫ്) വിന്യസിച്ചു. തമിഴ്‌നാട് സർക്കാർ 5,000 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ചെങ്കൽപട്ട് ജില്ലയിൽ 1058 കുടുംബങ്ങളെ 28 ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.

പുതുച്ചേരി, ചെങ്കൽപട്ട്, വെല്ലൂർ, കാഞ്ചീപുരം, തിരുവള്ളൂർ, കാരയ്ക്കൽ, ചെന്നൈ എന്നീ ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

കേരളത്തിൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. മൺഡൂസ് ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുകയാണ്. മണിക്കൂറില്‍ 65 മുതല്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കേരള- കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. തെക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

Tags:    
News Summary - Cyclone Mandous effect: 16 flights cancelled from Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.