മിഗ്ജോം ചുഴലിക്കാറ്റ്: ചെന്നൈയിൽ വൻ നാശനഷ്ടം; മൂന്നു മരണം; എട്ടു പേർക്ക് പരിക്ക്

ചെന്നൈ (തമിഴ്നാട്): മിഗ്ജോം ചുഴലിക്കാറ്റിന് മുന്നോടിയായി ചെന്നൈയിലുണ്ടായ വെള്ളക്കെട്ടിനെ തുടർന്നുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. ചെന്നൈയിൽ മതിൽ തകർന്നു വീണ് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഈസ്റ്റ് കോസ്റ്റൽ റോഡിലെ കനത്തൂർ ഏരിയയിലാണ് സംഭവം. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.

ചെന്നൈ ബ്രോഡ് വേയിൽ ഷോക്കേറ്റ് ദിണ്ടിഗൽ സ്വദേശി പത്മനാഭൻ മരിച്ചു. മഴയത്ത് റോഡിലൂടെ പോകുമ്പോഴാണ് പത്മനാഭന് ഷോക്കേറ്റത്. വേലച്ചേരിയിൽ കെട്ടിടം തകർന്നു വീണ് ആറു പേർക്ക് പരിക്കേറ്റു. അടയാറിൽ മരം കടപുഴകി വീണ് ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്.

അതേസമയം, ചുഴലിക്കാറ്റിന്‍റെ സാഹചര്യത്തിൽ തമിഴ്നാട്ടിലും ആന്ധ്രയിലും പുതുച്ചേരിയിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം എന്നീ ജില്ലകൾക്ക് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് വൈകിട്ടോടെ ചുഴലിക്കാറ്റ് ചെന്നൈ തീരത്തിന് 100 കിലോമീറ്റർ അകലെ എത്തും. തുടർന്ന് തമിഴ്നാട് തീരത്തോട് സമാന്തരമായി സഞ്ചരിച്ച് നാളെ പുലർച്ചെ ആന്ധ്രയിലെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ തീരം തൊടും. വടക്ക് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

ദേശീയ ദുരന്തനിവാരണസേനയും സംസ്ഥാന ദുരന്തനിവാരണസേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി എം.കെ. സ്റ്റാലിൻ സംസാരിച്ചു. ദേശീയ ദുരന്തനിവാരണസേനയുടെ കൂടുതൽ യൂണിറ്റുകളെ അയക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾക്ക് സൈന്യത്തിന്‍റെ 12 യൂണിറ്റുകളും രംഗത്തിറങ്ങിയിട്ടുണ്ട്.

ചെന്നൈയിലെ മലയാളികൾക്കായി നോർക്കയുടെ ഹെൽപ് ലൈൻ സംവിധാനം ആരംഭിച്ചു. ഹെൽപ് ലൈൻ: 9176681818, 9444054222, 9790578608, 9840402784, 9444467522, 9790857779, 9444186238.


Tags:    
News Summary - Cyclone 'Michaung': Heavy damage in Chennai; Two deaths due to wall collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.