ചെന്നൈ: തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും കനത്ത നാശംവിതച്ച് തീവ്രചുഴലിക്കാറ്റായ മിഗ്ജോം ഇന്ന് കരതൊടും. ആന്ധ്രാപ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ ബാപട്ലയിൽ ഇന്ന് ഉച്ചക്ക് മുമ്പായി കാറ്റ് തീരത്തേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ആന്ധ്രയിലും പുതുച്ചേരിയിലും വടക്കൻ തമിഴ്നാട്ടിലും കനത്ത ജാഗ്രതയിലാണ്.
കനത്ത മഴയെ തുടർന്ന് പ്രളയക്കെടുതി നേരിടുന്ന ചെന്നൈയിൽ സാഹചര്യം ഗുരുതരമാണ്. പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ടായതോടെ ഗതാഗതം തടസ്സപ്പെട്ടു. ചെന്നൈ ഉൾപ്പെടെ അഞ്ച് ജില്ലകൾക്ക് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, ഇന്നലെ രാവിലെ മുതൽ അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് രാവിലെ ഒമ്പതോടെ പ്രവർത്തിച്ചുതുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. 70ഓളം വിമാനങ്ങൾ റദ്ദാക്കിയിരുന്നു. അഹ്മദാബാദ്, തിരുവനന്തപുരം ഉൾപ്പെടെ സ്ഥലങ്ങളിലേക്ക് പുറപ്പെടേണ്ട 12 ആഭ്യന്തര വിമാനസർവിസുകളും റദ്ദാക്കി. സ്വകാര്യ വിമാനക്കമ്പനിയുടെ ദുബൈ, ശ്രീലങ്ക ഉൾപ്പെടെ നാല് അന്താരാഷ്ട്ര സർവിസുകളും റദ്ദാക്കി. ചെന്നൈയിലേക്കുള്ള 33 വിമാനങ്ങൾ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു.
ചെന്നൈക്കു പുറമേ, സമീപ ജില്ലകളായ കാഞ്ചീപുരം, ചെങ്ങൽപേട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലും വെള്ളപ്പൊക്കമുണ്ടായി. സ്ഥിതിഗതികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ടെലിഫോണിൽ ചർച്ച നടത്തി. കേന്ദ്രസഹായം വാഗ്ദാനംചെയ്തു. ദേശീയ ദുരന്തനിവാരണസേന രംഗത്തിറങ്ങി.
കേരളത്തിലേക്ക് ഉൾപ്പെടെ ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടേണ്ട 12 ട്രെയിനുകൾ ഇന്നലെ റദ്ദാക്കി. ബുക്ക് ചെയ്ത മുഴുവൻ യാത്രക്കാർക്കും ടിക്കറ്റ് തുക തിരിച്ചുനൽകുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. വെള്ളക്കെട്ട് കാരണം നഗരത്തിലെ 14 സബ് വേകൾ അടച്ചിട്ടതായി സിറ്റി പൊലീസ് അറിയിച്ചു.
ആന്ധ്രയിൽ മൂന്നു ദിവസം കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തീവ്രമഴയുടെ പശ്ചാത്തലത്തിൽ ശ്രീ കപിലതീർഥം വെള്ളച്ചാട്ടത്തിൽ സ്നാനം നടത്തുന്നതിൽനിന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ഭക്തരെ വിലക്കി. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച വരെ അവധി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.