മിഗ്ജോം ചുഴലിക്കാറ്റ് നാളെ കരതൊടും; തമിഴ്നാട്ടിൽ നാല് ജില്ലകൾക്ക് നാളെയും അവധി, ചെന്നൈയിൽ ഗുരുതര സാഹചര്യം

ചെന്നൈ: മിഗ്ജോം ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ തെക്കൻ ആന്ധ്രാപ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ കാറ്റ് കരതൊടും. മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയുണ്ടാകും.


വടക്കൻ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ് തീരങ്ങളിൽ കനത്ത മഴയാണ് കാറ്റിന്‍റെ സ്വാധീനഫലമായുള്ളത്. ചുഴലിക്കാറ്റ് അവസാന ഘട്ട മുന്നറിയിപ്പായ റെഡ് മെസേജ് മേഖലയിൽ നൽകിയിട്ടുണ്ട്. നിലവിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്ധ്രാപ്രദേശ്, വടക്കൻ തമിഴ്നാട് തീരത്തിനു സമീപം ചെന്നൈയിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് കാറ്റിന്‍റെ സ്ഥാനം.


ചെന്നൈ നഗരത്തിൽ കനത്ത മഴയെ തുടർന്ന് ഗുരുതര സാഹചര്യമാണ്. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട്, തിരുവള്ളൂർ എന്നീ നാല് ജില്ലകളിൽ നാളെ പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈ ഇ.സി.ആറിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ചെന്നൈ ജില്ലയിലെ പ്രധാനപ്പെട്ട ആറ് ഡാമുകളും, റിസർവോയറുകളും 98 ശതമാനവും നിറഞ്ഞു. സംസ്ഥാനത്ത് 5000 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.


ചെന്നൈ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം നിറഞ്ഞിരിക്കുകയാണ്. കനത്ത കുത്തൊഴുക്കിൽ കാറുകൾ ഉൾപ്പെടെ വാഹനങ്ങൾ ഒഴുകിപ്പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ചെന്നൈ വിമാനത്താവളം രാവിലെ ഒമ്പത് മുതൽ രാത്രി 11 വരെ അടച്ചിട്ടിരിക്കുകയാണ്. നിരവധി വിമാനങ്ങൾ മറ്റിടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. 2015ലെ പ്രളയത്തിന് ശേഷം ആദ്യമായാണ് എയർപോർട്ട് അടക്കുന്നത്. 


Tags:    
News Summary - Cyclone Michaung tracker live | Public holiday in four T.N. districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.