മുംബൈ/അഹ്മദാബാദ്: അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായതിെന തുടർന്ന് മുംബൈ നഗരമടക്കം ആറിടത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തെക്കുകിഴക്കന്‍ അറബിക്കടലിലും അതിനോടു ചേര്‍ന്ന മധ്യകിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം ചൊവ്വാഴ്ച ഉച്ചയോടെയാണ് ചുഴലിക്കാറ്റായത്. ഇതോടെ ചുഴലിക്കാറ്റിന് നിസർഗ എന്ന പേരായി. അർധരാത്രിയോടെ നിസർഗ തീവ്ര ചുഴലിയാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ബുധനാഴ്ച ഉച്ചക്കുശേഷം മഹാരാഷ്ട്രയിലെ റായ്ഗഢിനു സമീപം അലിബോഗിനും ഹരിഹരേശ്വറിനും കേന്ദ്രഭരണപ്രദേശമായ ദാമനും ഇടയിൽ കാറ്റ് തീരം തൊടും. 120 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിെൻറ തെക്കും തീരങ്ങളിൽ അതിജാഗ്രത പ്രഖ്യാപിച്ചു. മുംബൈ നഗരത്തിലടക്കം കനത്ത ജാഗ്രതനിർദേശം നൽകിയിട്ടുണ്ട്.
മുബൈ, താണെ, പാൽഖർ, റായ്ഗഢ്, രത്നഗിരി, സിന്ധുദുർഗ് ജില്ലകളിൽ ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. ബോട്ടുകൾ തിരികെ വിളിച്ചു. തീരങ്ങളിലെ ആളുകളെ ഒഴിപ്പിച്ചു. ദേശീയ ദുരന്തനിവാരണസേനയുടെ 33 സംഘങ്ങൾ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെത്തി. ഇവരിൽ 21 സംഘത്തെ നിർദിഷ്ട സ്ഥാനങ്ങളിൽ വിന്യസിച്ചിരിക്കുകയാണ്. പഞ്ചാബിൽനിന്നുള്ള അഞ്ചു സംഘത്തെക്കൂടി ഗുജറാത്തിലേക്കയച്ചിട്ടുണ്ട്.
ഇതോടെ 17 ദുരന്തനിവാരണ സംഘങ്ങൾ ഗുജറാത്തിലെത്തി. സർവസജ്ജരായ 45 അംഗ സംഘമാണ് ഓരോ യൂനിറ്റിലുമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.