മുംബൈ: ഡോക്ടറുടെ അപോയ്‌മെന്റ് എടുക്കാൻ ആശുപത്രിയിലേക്ക് ഫോൺ ചെയ്ത ദാദർ സ്വദേശിയായ 48കാരി സൈബർ തട്ടിപ്പിനിരയായി. ഗൂഗ്ളിൽ സെർച്ച് ചെയ്ത് കിട്ടിയ ആശുപത്രിയുടെ ടെലിഫോൺ നമ്പറിലാണ് യുവതി ബന്ധപ്പെട്ടത്. കൺസൽട്ടിങ് ഫീ അടക്കാനായി കൈമാറിയ ലിങ്ക് വഴി പണമടക്കാൻ ശ്രമിച്ച യുവതിക്ക് സൈബർ തട്ടിപ്പിലൂടെ 1.92 ലക്ഷം രൂപ നഷ്ടമായി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
മുംബൈയിലെ ട്രാവൽ കമ്പനി ജീവനക്കാരിയാണ് തട്ടിപ്പിന് ഇരയായത്. ഏപ്രിൽ നാലിന് രാവിലെ 10 മണിയോടെയാണ് ഹിന്ദുജ ആശുപത്രിയുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ ഗൂഗ്ളിൽ വഴി യുവതി കണ്ടെത്തിയത്. തുടർന്ന് ലഭിച്ച ഫോൺ നമ്പറിൽ വിളിക്കുകയും ഒരു പുരുഷൻ കോൾ അറ്റൻഡ് ചെയ്യുകയും അപ്പോയിന്റ്‌മെന്റിനായി കൈമാറുകയും ചെയ്തു. കുറച്ച് സമയത്തിന് ശേഷം ഒരു സ്ത്രീ ലൈനിൽ വന്ന് അപ്പോയിന്റ്മെന്റ് പ്രോസസ് ചെയ്യുകയാണെന്നും ബുക്ക് ചെയ്ത് കഴിഞ്ഞാൽ ഫോൺ ചെയ്യുമെന്നും അറിയിച്ചു.
പിന്നീട് ആശുപത്രിയിൽ നിന്നാണെന്ന് പറഞ്ഞ് വിളിക്കുകയും ഒരു ലിങ്ക് ഷെയർ കൈമാറുകയും വിവരങ്ങൾ പൂരിപ്പിച്ച് 50 രൂപ ഫീസ് അടക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് യുവതി പണം അടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഏറെ നേരം പണമടക്കാൻ ശ്രമിച്ചിട്ടും സാധിക്കാത്ത വന്നതോടെ ലിങ്ക് ക്ലോസ് ചെയ്തു.
എന്നാൽ, അന്നേ ദിവസം യുവതിയുടെ രണ്ട് അക്കൗണ്ടുകളിൽ നിന്നായി 1.92 ലക്ഷം രൂപ
പോയതായുള്ള സന്ദേശം ലഭിച്ചു. ഇതോടെയാണ് സൈബർ തട്ടിപ്പിന് ഇരയായ കാര്യം യുവതിക്ക് മനസിലായത്. തുടർന്ന് യുവതി ദാദർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.