ബംഗളൂരു: ദൈവം തങ്ങളെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ തങ്ങളും ആ ദൈവത്തെ ആരാധിക്കുകയില്ലെന്നും ഇനിമുതൽ ഡോ. ബി.ആർ. അംബേദ്കർക്കാണ് പ്രാർഥനകൾ നൽകുകയെന്നും കർണാടകയിലെ ദലിത് കുടുംബം. ദേവതയുടെ പ്രതിഷ്ഠ തൊട്ടതിന് മേൽജാതിക്കാരുടെ പീഡനത്തിനിരയായ ബാലന്റെ കുടുംബമാണ് നിലപാട് വ്യക്തമാക്കിയത്.
തങ്ങളുടെ വീട്ടിലുള്ള ദൈവങ്ങളുടെ ഫോട്ടോകളും വിഗ്രഹങ്ങളും മാറ്റിയ ഇവർ ഭരണഘടനാശിൽപി അംബേദ്കറുടെ ഫോട്ടോ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമദേവതയുടെ പ്രതിഷ്ഠയടങ്ങിയ ദണ്ഡ് തൊട്ടതിന് കോലാറിലെ ദലിത് ബാലന്റെ കുടുംബത്തിനാണ് കഴിഞ്ഞ ദിവസം മേൽജാതിക്കാർ 60,000 രൂപ പിഴശിക്ഷ വിധിച്ചത്. ഒക്ടോബർ ഒന്നിനകം പണം നൽകണമെന്നാണ് അന്ത്യശാസനം. ബാലന്റെ അമ്മയായ ശോഭമ്മയാണ് ഇനിമുതൽ തങ്ങൾ ബി.ആർ. അംബേദ്കറെയാണ് ആരാധിക്കുകയെന്ന് പറഞ്ഞത്.
ബംഗളൂരുവിൽനിന്ന് 60 കിലോമീറ്റർ അകലെ കോലാർ ജില്ലയിലെ മലുർ താലൂക്കിലെ ഉല്ലറഹള്ളി ഗ്രാമത്തിലാണ് ഇവർ താമസിക്കുന്നത്. ഗ്രാമത്തിലെ ദേവിയായ ഭൂതമ്മയുടെ പ്രതിഷ്ഠ സെപ്റ്റംബർ ഒമ്പതിന് പ്രദക്ഷിണത്തിനായി ക്ഷേത്രത്തിന് പുറത്തെത്തിച്ചിരുന്നു.
അപ്പോഴാണ് ശോഭമ്മയുടെ 15 വയസ്സുകാരനായ മകൻ പ്രതിഷ്ഠ സ്ഥാപിച്ച ദണ്ഡിൽ തൊട്ടത്. തുടർന്ന് ഗ്രാമത്തിലെ ചിലരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ചേർന്ന് ദലിത് കുടുംബത്തിന് 60,000 രൂപ ശിക്ഷ വിധിക്കുകയായിരുന്നു. ദലിതൻ തൊട്ട് അശുദ്ധമാക്കിയ പ്രതിഷ്ഠയുടെ ശുദ്ധീകരണം നടത്താനായാണ് ഈ തുകയെന്നാണ് മേൽജാതിക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.