ലഖ്നോ: യു.പിയിൽ ദലിത് പെൺകുട്ടിയെ മോഷണക്കുറ്റമാരോപിച്ച് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വനിത-ശിശു വികസന മന്ത്രി സ്മൃതി ഇറാനിയുടെ മണ്ഡലമായ അമേത്തിയിലാണ് സംഭവം. മർദിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെയാണ് പൊലീസ് കേസെടുക്കാൻ തയാറായത്.
മൂന്ന് പുരുഷൻമാർ ചേർന്ന് പെൺകുട്ടിയെ തറയിൽ കിടത്തി കാലിൽ വടികൊണ്ട് മർദിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. സമീപത്തുണ്ടായിരുന്ന മൂന്ന് സ്ത്രീകൾ പെൺകുട്ടിയെ ചോദ്യം ചെയ്യുന്നുമുണ്ട്. മർദനം സഹിക്കാൻ സാധിക്കാതെ പെൺകുട്ടി കരയുന്നതും വിഡിയോവിൽ കാണാം.
വിഡിയോ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തിൽ നടപടിയുമായി പൊലീസ് രംഗത്തെത്തി. പ്രതികൾക്കെതിരെ പോക്സോ നിയമം, എസ്.സി, എസ്.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്ന നിയമം എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് അമേത്തി സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും അദ്ദേഹം പറഞ്ഞു.
വനിത-ശിശു വികസന മന്ത്രി സ്മൃതി ഇറാനിയുടെ മണ്ഡലത്തിൽ നടന്ന അക്രമത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ജാതിയുമായി ബന്ധപ്പെട്ട 34 കുറ്റകൃത്യങ്ങളും സ്ത്രീകൾക്കെതിരായ 135ഓളം അതിക്രമങ്ങളും പ്രതിദിനം നടക്കുമ്പോൾ യു.പി പൊലീസ് ഉറക്കത്തിലാണെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.