ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ ദലിത് പെൺകുട്ടി മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. ദലിതുകൾക്കും ഇവിടെ ജീവിക്കണം, പെൺകുട്ടിക്ക് നീതി വേണം, കുറ്റവാളികളെ തൂക്കിലേറ്റണം തുടങ്ങിയ ഹാഷ്ടാഗുകളോട് കൂടിയ പോസ്റ്റുകൾ ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്.
സെപ്റ്റംബർ 14നാണ് ദലിത് സമുദായത്തിൽ നിന്നുള്ള 20കാരിയെ നാലംഗ സംഘം ബലാത്സംഗത്തിനിരയാക്കിയത്. പെൺകുട്ടിയുടെ നാവ് മുറിച്ചുമാറ്റിയിരുന്നു. മാത്രമല്ല, ഞട്ടെല്ല് ഒടിയുകയും ദേഹമാസകലം മുറിവുകൾ ഉണ്ടാവുകയും ചെയ്തു. അലീഗഢിൽ അത്യാസന്ന നിലയിലായിരുന്ന യുവതിയെ കഴിഞ്ഞ ദിവസമാണ് വിദഗ്ധ ചികിത്സക്ക് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചയോടെ മരണം സംഭവിച്ചു.
സെപ്റ്റംബർ 14ന് വൈകീട്ട് കുടുംബാംഗങ്ങൾക്കൊപ്പം പുല്ലുവെട്ടാൻ പോയ പെൺകുട്ടിയെ നാലംഗ സംഘം ദുപ്പട്ടകൊണ്ട് കഴുത്ത് മുറുക്കി പാടത്തിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മകളെ കാണാതായതോടെ തിരഞ്ഞുപോയ മാതാവ് പാടത്തിനരികിൽ അബോധാവസ്ഥയിൽ കിടക്കുന്ന പെൺകുട്ടിയെ കണ്ടെത്തി.
സംഭവത്തിൽ നാലു പ്രതികളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. താക്കൂർ വിഭാഗക്കാരായ സവർണ ജാതിക്കാരാണ് പ്രതികൾ. പരാതി നൽകിയിട്ടും ആദ്യഘട്ടത്തിൽ പൊലീസ് നടപടി എടുത്തില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിൽ കാലതാമസം വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാവ് ഷിയോറാജ് ജീവൻ വാൽമീകി ആവശ്യപ്പെട്ടു. കുടുംബാംഗങ്ങളെ കാണാൻ ഹാത്രാസിലെത്തിയതായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.