പൂണെ: ജാതി മാറി പ്രണയിച്ചതിന് 20കാരനായ ദലിത് യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. മരണമൊഴിയിലാണ് പ്രണയിനിയുടെ ബന്ധുക്കളായ ആറുപേർ ചേർന്ന് ആക്രമിച്ച വിവരം വിരാജ് വിലാസ് ജഗ്പഥ് വെളിപ്പെടുത്തിയത്.
മോട്ടോർ സൈക്കിളിൽ വരികയായിരുന്ന യുവാവിനെ പ്രതികൾ ആദ്യം ടെേമ്പാ ഇടിച്ച് വീഴ്ത്തുകയായിരുന്നു. താഴെ വീണ ശേഷം കഷ്ടപ്പെട്ട് എഴുന്നേറ്റ യുവാവിനെ ഇരുമ്പ് ദണ്ഡുകൾ കൊണ്ടും വലിയ കല്ലുകൾ ഉപയോഗിച്ചും നിർദയം ആക്രമിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വേളയിലാണ് യുവാവ് ക്രൂരകൃത്യം കുടുംബാംഗങ്ങളോട് വിവരിച്ചത്. ക്രൂരമായി പരിക്കേറ്റ് നിലത്ത് കിടന്ന യുവാവിൻെറ മുഖത്തേക്ക് പെൺകുട്ടിയുടെ പിതാവ് ജഗദീഷ് കാതെ തുപ്പിയതായും ആരോപണമുണ്ട്.
യുവാവിൻെറ മൊഴിയുടെ അടിസ്ഥാനത്തിൽ ആറു പ്രതികളെയും അറസ്റ്റ് ചെയ്തു. ഇതിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപെട്ടിട്ടുണ്ട്. ഇവരെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകം, നിയമവിരുദ്ധമായ സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, മാരകായുധം കൊണ്ട് കലാപം, കുറ്റംകൃത്യം ചെയ്യാനുള്ള നിയമ വിരുദ്ധമായ സംഘം ചേരൽ എന്നീ കുറ്റങ്ങൾക്കൊപ്പം പട്ടിക ജാതി- പട്ടിക വർഗ സംരക്ഷണ നിയമത്തിലെ വകുപ്പുകളും പ്രതികൾക്കെതിരെ ചേർത്തിട്ടുണ്ട്.
ജൂൺ ഏഴിന് രാത്രി പ്രതികൾ പ്രണയ ബന്ധത്തെക്കുറിച്ച് സംസാരിക്കാനായി വിരാജ് ജഗ്പഥിനെ പെൺകുട്ടിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നതായി സഹോദരൻ സാഗർ ജഗ്പഥ് പറഞ്ഞു. അവിടെ വെച്ച് വിരാജിനെ ജാതിയമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ആക്രമണം.
കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി എ.സി.പി ശ്രീധർ ജാദവ് പറഞ്ഞു. ജഗദീഷ് യുവാവിനെ താഴ്ന്ന ജാതിക്കാരനെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്ന വേളയിൽ മറ്റ് പ്രതികൾ ഇരുമ്പ് വടികളും കല്ലുകളും കൊണ്ട് ആക്രമം തുടരുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.