100 വർഷത്തിന് ശേഷം ദലിതർക്ക് ക്ഷേത്രപ്രവേശനം; തിരുവണ്ണാമലൈ മാരിയമ്മൻ ക്ഷേത്രത്തിൽ പൊലീസ് കാവൽ

തിരുവണ്ണാമലൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ ചെല്ലങ്കുപ്പം ഗ്രാമത്തിലെ മാരിയമ്മൻ ക്ഷേത്രത്തിൽ ദലിതർക്ക് ക്ഷേത്ര പ്രവേശനം. 100 വർഷത്തിലേറെയായി വിലക്ക് തുടരുന്ന ക്ഷേത്രത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് ദലിതർ പ്രവേശിച്ചത്. ദലിത് വിശ്വാസികൾ പൊങ്കൽ പാകം ചെയ്യുകയും പ്രാർഥനകൾ നടത്തുകയും ചെയ്തു. അതേ സമയം മറ്റു സമുദായങ്ങളിൽ നിന്നുള്ളവരാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടില്ലെന്ന് ജില്ല ഭരണകൂടവും പൊലീസും അറിയിച്ചു.

ദലിതരും വണ്ണിയാരും തമ്മിലുള്ള സംഘർഷമാണ് ക്ഷേത്രപ്രവേശന സമരത്തിന് തുടക്കമിട്ടത്. ദലിതർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശത്തെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചകൾ നടന്നിരുന്നു. ഇതിനെത്തുടർന്ന് ദലിതർ തങ്ങളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർക്ക് നിവേദനം നൽകിയത്.

ഗ്രാമത്തിൽ 1,300 കുടുംബങ്ങളുണ്ട്, അതിൽ 300 ദളിതരും ബാക്കിയുള്ളവർ മറ്റുജാതിയിൽപ്പെട്ട ഹിന്ദുക്കളുമാണ്. ആചാരമനുസരിച്ച് എല്ലാ വർഷവും പൊങ്കൽ ഉത്സവത്തിന് ശേഷം ഗ്രാമത്തിലെ ക്ഷേത്രത്തിൽ ആറ് സമുദായങ്ങൾ ആചാരങ്ങൾ നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. ദലിതർ ഒഴികെയുള്ള ഓരോ സമുദായത്തിനും അവരുടെ ആചാരങ്ങൾ നിർവഹിക്കാൻ ഒരു ദിവസം ഒരു സ്ലോട്ട് നൽകിയിരുന്നു.

എന്നാൽ ദലിതർക്ക് കൂടി സ്ലോട്ട് അനുവദിക്കണമെന്നത് കാലങ്ങളായ ആവശ്യമാണ്. നിരന്തരമായ സമാധാന യോഗങ്ങളെ തുടർന്നാണ് ജില്ലാ ഭരണകൂടം ദലിതർക്കുകൂടി അവസരം നൽകാൻ തീരുമാനിച്ചത്. 

മാരിയമ്മൻ ക്ഷേത്രത്തിൽ  ദലിത് വിശ്വാസികൾ പൊങ്കൽ പാകം ചെയ്യുന്നു

നവദമ്പതികൾ മാരിയമ്മൻ ക്ഷേത്രത്തിൽ പ്രാർത്ഥനയും പൊങ്കാല നടത്തിയാൽ ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് വിശ്വാസം. എന്നാൽ, കാളിയമ്മാൾ ക്ഷേത്രത്തിലായിരുന്നു ഇതുവരെ ദലിതർ പ്രാർത്ഥന നടത്തിയിരുന്നത്. 

Tags:    
News Summary - Dalits enter Tamil Nadu temple for first time in 100 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.