ബംഗളൂരു: മേൽജാതിക്കാരുടെ വിലക്ക് മറികടന്ന് അടച്ചിട്ട ക്ഷേത്രത്തിൽ കടന്ന് പൂജ നടത്തിയും ഭരണഘടനയുടെ ആമുഖം വായിച്ചും ദലിതർ. കർണാടകയിലെ ചിക്കമഗളൂരു താരീക്കരെ ഗൊല്ലറഹട്ടി ഗരുമാറാഡി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിൽ ജനുവരി ഒന്നിന് ദലിത് യുവാവ് പ്രവേശിച്ചതിനെ തുടർന്ന് ശുദ്ധികലശത്തിനായി കംബദ രംഗനാഥ സ്വാമി ക്ഷേത്രം, തിമ്മ ക്ഷേത്രം എന്നിവ അടച്ചിട്ടിരുന്നു. കഴിഞ്ഞദിവസം അധികൃതരുടെ അകമ്പടിയോടെ ഗ്രാമത്തിൽ കടന്ന ദലിതർ കംബദ രംഗനാഥ സ്വാമി ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന് പൂജ നടത്തുകയായിരുന്നു. എല്ലാവർക്കും സ്വാതന്ത്ര്യവും സമത്വവും വിഭാവനചെയ്യുന്ന ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു.
ഗരുമാറാഡിയിൽ ഒരു വീട് പൊളിക്കുന്നതിനായി എക്സ്കവേറ്റർ ഓപറേറ്ററായ മാരുതി എന്ന ദലിത് യുവാവ് എത്തിയതോടെ ഒരു സംഘം ഗ്രാമവാസികൾ മർദിച്ചിരുന്നു. ഗ്രാമത്തിൽ പ്രവേശിച്ചതിന് ദലിതനായതിന്റെ പേരിൽ തന്നെ മർദിച്ചതായി യുവാവ് പരാതി നൽകി. ദലിതൻ ഗ്രാമത്തിൽ പ്രവേശിച്ചതിനാൽ ശുദ്ധികലശം ആവശ്യമാണെന്ന് ചുണ്ടിക്കാട്ടി ഗൊല്ല സമുദായക്കാർ താമസിക്കുന്ന ഗ്രാമത്തിൽ രണ്ട് ക്ഷേത്രങ്ങൾ അടച്ചിട്ടു.
അസി. കമീഷണർ, എ.എസ്.പി, ഡിവൈ.എസ്.പി എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘത്തിന്റെയും ദലിത്, പുരോഗമന സംഘടനകളുടെയും സാന്നിധ്യത്തിലായിരുന്നു ദലിതരുടെ ക്ഷേത്രപ്രവേശനം. അധികൃതർ സ്ഥലത്തെത്തിയിട്ടും ക്ഷേത്രത്തിന്റെ താക്കോൽ ഗ്രാമവാസികൾ കൈമാറിയില്ല. തുടർന്നാണ് പൂട്ടുപൊളിച്ച് അകത്തുകടന്നത്. ദലിത് യുവാവിനെ മർദിച്ച സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തിരുന്നു.
താരീക്കരെ സബ്ഡിവിഷൻ ഡിവൈ.എസ്.പി ഹാലമൂർത്തി റാവുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.