കൊൽക്കത്ത: ഒരു മാസത്തിനിടെ തെക്കൻ ബംഗാൾ ജില്ലകളിലെ നൂറുകണക്കിന് കുടുംബങ്ങൾ രണ്ടാംതവണയും അഭയാർഥികളായി. കഴിഞ്ഞ മാസത്തെ പ്രളയത്തിനു പുറമെ ആഞ്ഞടിച്ച ദാന ചുഴലിക്കാറ്റിനെ തുടർന്നുള്ള പ്രളയമാണ് വീടുകളിൽനിന്ന് ഇവരെ വീണ്ടും പുറന്തള്ളയത്. ദുർഗാ പൂജക്ക് ആഴ്ചകൾക്കുമുമ്പത്തെ ആദ്യ പ്രളയത്തെ തുടർന്ന് വീടുകൾ നശിച്ചവരാണ് സർക്കാർ അഭയകേന്ദ്രങ്ങളിലേക്ക് മാറിയത്.
വെള്ളിയാഴ്‌ചത്തെ ദാന ചുഴലിക്കാറ്റ് അവരിൽ ഭൂരിഭാഗവും താമസിക്കുന്ന ടാർപോളിൻ ഷീറ്റുകൾ കൊണ്ട് തീർത്ത താൽക്കാലിക അഭയ കേന്ദ്രങ്ങളെയും പറത്തിവിടുകയോ വെള്ളത്തിനടിയിലാക്കുകയോ ചെയ്തു. ഇത് വീണ്ടും മാറാൻ അവരെ നിർബന്ധിതരാക്കി. താൽക്കാലിക സർക്കാർ ക്യാമ്പുകളിലേക്കോ ബന്ധുക്കളുടെ വീടുകളിലേക്കോ ഒക്കെയാണ് ഇത്തവണ അവർ അഭയം തേടിയത്.
‘കഴിഞ്ഞ മാസത്തെ വെള്ളപ്പൊക്കത്തിൽ ഞങ്ങളുടെ ഒരുനില വീട് ഒലിച്ചുപോയി. ദ്വാരകേശ്വർ നദിയുടെ തീരത്ത് താൽക്കാലിക ടെന്‍റ് കെട്ടിയാണ് താമസിച്ചിരുന്നത്. എന്നാൽ, വെള്ളിയാഴ്ച പുലർച്ചെയുണ്ടായ മഴയിലും കാറ്റിലും അതും തകർന്നു. അതിനാൽ ഞങ്ങൾക്ക് വീണ്ടും ഒരു ബന്ധുവിന്റെ വീട്ടിലേക്ക് മാറേണ്ടിവന്നു’- ഹൂഗ്ലിയിലെ ഖാനകുലിലെ മാനസ്സ് ബാഗ് പറഞ്ഞു. സെപ്റ്റംബർ 17ന് തന്റെ ഗ്രാമത്തിൽ മാത്രം ആറ് കുടുംബങ്ങൾക്കെങ്കിലും വീട് നഷ്ടപ്പെട്ടതായി ബാഗ് പറഞ്ഞു.
സെപ്റ്റംബറിലെ വെള്ളപ്പൊക്കത്തിൽ വീട് തകർന്ന ഹൂഗ്ലിയിലെ ധന്യഘോരി ഗ്രാമത്തിലെ താമസക്കാരനായ സാഹെബ് പൊരെ ഭാര്യക്കും രണ്ട് കുട്ടികൾക്കുമൊപ്പം പ്രാദേശിക ഹൈസ്കൂളിൽ അഭയം പ്രാപിച്ചു. വീട് പുനഃർനിർമിക്കാൻ ഞങ്ങൾക്ക് പണമില്ല. ഇനിയുമൊരു വെള്ളപ്പൊക്കത്തെ ഭയന്ന് ഓടിപ്പോയി സ്കൂളിൽ അഭയം പ്രാപിച്ചിരിക്കുകയാണ് -35 കാരനായ വാൻ ഡ്രൈവർ പറഞ്ഞു.
തെക്കൻ ബംഗാളിലെ മിക്ക ജില്ലകളിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56 മില്ലീമീറ്ററിനും 95 മില്ലീമീറ്ററിനും ഇടയിൽ മഴ രേഖപ്പെടുത്തിയതായി കൽക്കട്ടയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടെ ദിവസം മുഴുവൻ കനത്ത മഴ തുടരുന്നതായാണ് റിപ്പോർട്ട്.
കനത്ത മഴയും വലിയ അളവിലുള്ള വെള്ളവും സെപ്റ്റംബറിൽ ഹൂഗ്ലി, ഹൗറ, ബങ്കുറ, ഈസ്റ്റ് ബർദ്വാൻ, ഈസ്റ്റ്, വെസ്റ്റ് മിഡ്‌നാപൂർ ഭാഗങ്ങളിൽ വൻ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. കുറഞ്ഞത് 4,000 പേരെ ഇത് ഭവനരഹിതരാക്കി. ഹൗറയിലെയും രണ്ട് മിഡ്‌നാപൂരിലെയും നൂറുകണക്കിന് കുടുംബങ്ങൾക്ക് തുടർച്ചയായ മാസങ്ങളിൽ രണ്ടാം തവണയും വീടുപേക്ഷിക്കേണ്ടിവന്നു. കഴിഞ്ഞ മാസത്തെ വെള്ളപ്പൊക്കത്തിൽ ഒരു തവണ ഭവനരഹിതരായ 1,700 പേരെ വെള്ളിയാഴ്ച വീണ്ടും മാറ്റിപ്പാർപ്പിക്കാൻ ദാന ചുഴലിക്കാറ്റ് ഭരണകൂടത്തെ നിർബന്ധിച്ചതായി ഹൗറയിൽ നിന്നുള്ള പി.ഡബ്ല്യു.ഡി മന്ത്രിയും തൃണമൂൽ നേതാവുമായ പുലോക് റോയ് പറഞ്ഞു.
ഇത്തവണ നദിക്കരകളിലെ 65ഓളം സ്ഥലങ്ങളിൽ പ്രളയം ബാധിച്ചു. പാൻസ്‌കുര, കോലാഘട്ട് (കിഴക്കൻ മിഡ്‌നാപൂർ), ഘട്ടൽ (പടിഞ്ഞാറൻ മിഡ്‌നാപൂർ) എന്നിവിടങ്ങളിൽ സ്ഥിതി സമാനമാണ്. ആരാംബാഗിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഹൂഗ്ലിയിലെ ഖാനകുലിൽ നിന്നുമുള്ള 500 ഓളം പേരെ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവന്നു. ശനിയാഴ്‌ചയും മഴ തുടർന്നാൽ കൂടുതൽ കുടുംബങ്ങളെ താൽക്കാലിക പ്രളയ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് എത്തിക്കേണ്ടി വന്നേക്കാമെന്ന് ഹൂഗ്ലിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.