ബംഗളൂരു: രേണുക സ്വാമി കൊലക്കേസിൽ പ്രതിയായ കന്നട നടൻ ദർശനെതിരെ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് മാധ്യമങ്ങളെ തടഞ്ഞ് കർണാടക ഹൈകോടതി.
18 ചാനലുകൾ, 18 പത്രങ്ങൾ, രണ്ട് സമൂഹ മാധ്യമങ്ങൾ എന്നിവയെയാണ് സ്വകാര്യ വിവരങ്ങൾ പ്രസിദ്ധീകരിക്കുക, സംപ്രേക്ഷണം ചെയ്യുക, വിതരണം ചെയ്യുക എന്നിവയിൽനിന്ന് തടഞ്ഞത്. കോടതി മാർഗനിർദേശങ്ങളും മാധ്യമ ധാർമികതയും ലംഘിച്ചുകൊണ്ട് മാധ്യമങ്ങൾ തന്നെ വിചാരണ ചെയ്യുന്നുവെന്ന ദർശന്റെ ഹരജിയിലാണ് കോടതി വിധി. ഇതിനു പുറമെ ഈ വിധിയിലെ നിർദേശങ്ങൾ ബന്ധപ്പെട്ട മാധ്യമസ്ഥാപനങ്ങൾക്ക് നൽകണമെന്ന് കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തോട് നിർദേശിക്കുകയും ചെയ്തു.
അധികാരികൾക്ക് മുമ്പാകെ നടൻ പരാതി നൽകിയിട്ടുണ്ടെങ്കിൽ നിയമാനുസൃതമായി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് നേരത്തേ ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ദർശന്റെ ഭാര്യ വിജയലക്ഷ്മി നൽകിയ ഹരജിയിലായിരുന്നു ഇത്. തുടർന്നും കുറ്റപത്രത്തിലെ വിവരങ്ങളും പൊലീസ് നൽകിയ ചിത്രങ്ങളും ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് ദർശൻ കോടതിയെ സമീപിച്ചത്. കുറ്റപത്രത്തിലെ വിവരങ്ങൾ പൊതുജനങ്ങൾക്ക് മുമ്പിലെത്തിയാലും അത് കോടതി നടപടിക്രമങ്ങളെ ബാധിക്കില്ലെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്‍റെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസിന്‍റെ തുടർ നടപടികളുണ്ടാവുകയെന്നും കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.