ന്യൂഡൽഹി: വ്യക്തിഗതവും അല്ലാത്തതുമായ അജ്ഞാത ഡേറ്റ വിവരങ്ങൾ ഫേസ്ബുക്ക്, ഗൂഗ്ൾ തുടങ്ങിയ കമ്പനികളിൽനിന്ന് ചോദിച്ചുവാങ്ങാൻ സർക്കാറിന് അധികാരം നൽകുന്നതടക്കമുള്ള വ്യവസ്ഥകളോടെ പേഴ്സനൽ ഡേറ്റ പ്രൊട്ടക്ഷൻ ബിൽ ലോക്സഭയിൽ.
മൗലികാവകാശങ്ങളുടെ ലംഘനമാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങി വിവിധ പാർട്ടികൾ ബില്ലിനെ എതിർത്തു. നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ അവതരിപ്പിച്ചത്. ഡേറ്റ സംരക്ഷിക്കുകവഴി ഇന്ത്യക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിെൻറ വാദം. വ്യക്തിയുടെ അനുമതിയില്ലാതെ ഡേറ്റ ശേഖരിച്ചാൽ പിഴ ഒടുക്കേണ്ടിവരുമെന്ന് അദ്ദേഹം വിശദീകരിച്ചു.
വ്യക്തിസ്വകാര്യതക്കുള്ള മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്ന സുപ്രീംകോടതി വിധി പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് സ്വകാര്യത അവകാശെപ്പടാൻ കഴിയില്ലെന്ന് മന്ത്രി വിശദീകരിച്ചു. ആധാർ കേസിൽ സുപ്രീംകോടതിതന്നെ ഡേറ്റ സംരക്ഷണ നിയമം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
മോദിസർക്കാറിനു കീഴിൽ ചാരപ്പണി വ്യവസായം വളരുകയാണെന്ന് കോൺഗ്രസിലെ അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. ബിൽ വിശദമായ പരിശോധനക്ക് വിധേയമാക്കണം. സഭയിൽ ഭൂരിപക്ഷമുള്ളതുകൊണ്ട് ഏതു നിയമനിർമാണവും ആകാമെന്ന് വരുന്നത് ജനാധിപത്യത്തിന് നിരക്കുന്നതല്ല -അദ്ദേഹം പറഞ്ഞു. സർക്കാറിന് പരിധിവിട്ട അധികാരം നൽകുന്നതാണ് ബില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നതിനിടെയാണ് ഡേറ്റ സംരക്ഷണ ബിൽ പാർലമെൻറിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.