മോദിയുടെ സന്ദർശനത്തിന് പിറകെ നോട്ടു നിരോധന പ്രതിഷേധം ഉപേക്ഷിച്ച് ഡി.എം.കെ

ചെന്നൈ: പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് പിന്നാലെ നോട്ടു നിരോധനത്തിനെതിരെയുള്ള പ്രതിഷേധത്തിൽ നിന്നും ഡി.എം.കെ. പിൻമാറി. ഇന്നലെയാണ് അസുഖ വിവരങ്ങളന്വേഷിക്കാൻ മോദി കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിലെത്തിയത്. നോട്ടുനിരോധനത്തിന്‍റെ വാർഷിക ദിനമായ നവംബർ എട്ടിന് നടക്കേണ്ടിയിരുന്ന സമര പരിപാടികൾ ഉപേക്ഷിക്കുന്നതായി ഇന്നാണ് ഡി.എം.കെ പ്രഖ്യാപിച്ചത്. 

എന്നാൽ, മഴക്കെടുതികൾ സംസ്ഥാനത്തെ എട്ടു ജില്ലകൾ ദുരിതമനുഭവിക്കുന്നതു മൂലമാണ് സമരം ഉപേക്ഷിച്ചതെന്നാണ് ഡി.എം.കെയുടെ വിശദീകരണം. അതേസമയം, 2019ലെ കേന്ദ്ര തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് നടപടിയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ , പൊൻ രാധാകൃഷ്ണൻ എന്നിവരോടൊപ്പമാണ് മോദി കരുണാനിധിയെ സന്ദർശിച്ചത്. 'വണക്കം സർ' എന്ന അഭിവാദ്യത്തോടെയായിരുന്നു കരുണാനിധിയോട് മോദി സംസാരിച്ച് തുടങ്ങിയത്. പത്ത് മിനിറ്റ് നേരമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. ഇതാദ്യമായാണ് മോദി കരുണാനിധിയെ വീട്ടിലെത്തി സന്ദർശിക്കുന്നത്. കരുണാനിധിയുടെ ഡോക്ടർ മോദിയോട് ആരോഗ്യസ്ഥിതിയെപ്പറ്റി വിശദീകരിച്ചു.

മോദി കരുണാനിധിയെ ഡൽഹിയിലെ തന്‍റെ വീട്ടിലേക്ക് ക്ഷണിച്ചുവെന്നും ചിരിയായിരുന്നു അതിന് ലഭിച്ച മറുപടിയെന്നും തമിഴ്നാട് ബി.ജെ.പി പ്രസിഡന്‍റ് തമിളിസൈ സൗന്ദർരാജൻ  മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഷാർജയിൽ പര്യടനത്തിലായിരുന്ന എം.കെ. സ്റ്റാലിൻ സന്ദർശനം വെട്ടിച്ചുരുക്കി ചെന്നൈയിലെത്തി മോദിയെ സ്വീകരിച്ചതും ഊഹാപോഹങ്ങൾക്ക് ശക്തി പകർന്നു. തമിഴ്നാട്ടിലെ ഭരണപക്ഷമായ എ.ഐ.എ.ഡി.എം.കെയിൽ സർക്കാറിന് നേരെ ടി.ടി.വി ദിനകരൻ പക്ഷം ഉയർത്തുന്ന എതിർപ്പും ഭൂരിപക്ഷത്തിന് വേണ്ടി ഇ.പി.എസ്-ഒ.പി.എസ് പക്ഷം പോരാട്ടവും നടക്കുന്നതിനിടെയാണ് മോദിയുടെ സന്ദർശനം എന്നതും ശ്രദ്ധേയമാണ്.

തമ്മിലടിച്ചുകൊണ്ടിരുന്ന ഇ.പി.എസ്-ഒ.പി.എസ് പക്ഷങ്ങളെ ഒന്നിച്ചുചേർത്തതിൽ പ്രധാന പങ്ക് വഹിച്ചത് ബി.ജെ.പി നേതൃത്വമാണ്. എന്നാൽ എ.ഐ.എ.ഡി.എം.കെയുടെ രണ്ടില എന്ന തെരഞ്ഞെടുപ്പ് ചിഹ്നം തിരിച്ചുപിടിക്കാൻ ഈ സഖ്യത്തിന് കഴിയാത്തതിൽ ബി.ജെ.പിക്ക് നിരാശയുണ്ട്.

Tags:    
News Summary - Day After PM Narendra Modi Met Karunanidhi, DMK Cancels Demonetisation Protest-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.