അഴിമതിയാരോപണം ഉന്നയിച്ച കരാറുകാരന്‍റെ മരണം; മന്ത്രി ഈശ്വരപ്പക്കെതിരെ കേസ്

ബംഗളൂരു: കരാറുകാരനും ബി.ജെ.പി പ്രവർത്തകനുമായ ബെളഗാവി സ്വദേശി സന്തോഷ് പാട്ടീലിന്‍റെ മരണവുമായി ബന്ധപ്പെട്ട് കർണാടക ഗ്രാമീണ വികസന- പഞ്ചായത്തീരാജ് മന്ത്രി കെ.എസ്. ഈശ്വരപ്പക്കെതിരെ പൊലീസ് കേസെടുത്തു. സന്തോഷിന്‍റെ ബന്ധു പ്രശാന്ത് പാട്ടീൽ നൽകിയ പരാതിയിൽ ആത്മഹത്യ പ്രേരണ കുറ്റം (ഐ.പി.സി 306 വകുപ്പ്) ചുമത്തിയാണ് ബി.ജെ.പി മന്ത്രിക്കും സഹായികളായ ബസവരാജു, രമേശ് എന്നിവർക്കുമെതിരെ ഉഡുപ്പി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കരാർ പ്രവൃത്തിക്ക് 40 ശതമാനം കമീഷൻ മന്ത്രിയും സഹായികളും ആവശ്യപ്പെട്ടതായി പരാതി ഉന്നയിച്ച സന്തോഷ് പാട്ടീലിനെ ചൊവ്വാഴ്ച രാവിലെ ഉഡുപ്പിയിലെ ഹോട്ടൽ മുറിയിൽ വിഷംകഴിച്ചു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിന് ഉത്തരവാദി മന്ത്രി ഈശ്വരപ്പയാണെന്ന് സൂചിപ്പിച്ചുള്ള സന്ദേശം സന്തോഷ് സുഹൃത്തിന് അയച്ചിരുന്നു. ബെളഗാവി ഹിന്ദളഗ ഗ്രാമത്തിൽ പൂർത്തിയാക്കിയ കരാർ പ്രവൃത്തിയുടെ തുക 40 ശതമാനം കമീഷൻ നൽകാത്തതിന്‍റെ പേരിൽ അനുവദിച്ചില്ലെന്നായിരുന്നു മന്ത്രിക്കെതിരായ ആരോപണം.

ഈശ്വരപ്പയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് നേതാക്കൾ രാജ്ഭവനിലെത്തി ഗവർണർ താവർചന്ദ് ഗഹ്ലോട്ടിനെ കണ്ടു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം അരങ്ങേറി. ഈശ്വരപ്പക്കെതിരായ അഴിമതി ആരോപണവുമായി സന്തോഷ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഗ്രാമീണ വികസന മന്ത്രി ഗിരിരാജ് സിങ് എന്നിവർക്ക് കത്തെഴുതിയിരുന്നു.

വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മന്ത്രി ഗിരിരാജ് സിങ് കർണാടക സർക്കാറിന് കത്തുനൽകിയെങ്കിലും അത്തരമൊരു കരാർ ഏൽപിച്ചിട്ടില്ലെന്നായിരുന്നു ഈശ്വരപ്പയുടെ വകുപ്പ് നൽകിയ മറുപടി.

Tags:    
News Summary - Death of a contractor; Case against Minister Ishwarappa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.