ന്യൂഡൽഹി: ഡൽഹിയിലെ അഡ്മിനിസ്‌ട്രേറ്റീവ് സർവീസുകളുടെ നിയന്ത്രണം സംബന്ധിച്ച കേന്ദ്രസർക്കാർ ഓർഡിനൻസിനെ എതിർക്കണമോയെന്ന കാര്യത്തിൽ പാർലമെന്റ് സമ്മേളനത്തിന് മുമ്പ് തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
വിഷയത്തിൽ കോൺഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തില്ലെങ്കിൽ പട്‌നയിൽ നടക്കുന്ന പ്രതിപക്ഷ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുമെന്ന ആം ആദ്മി പാർട്ടിയുടെ അന്ത്യശാസനം കോൺഗ്രസ് ചെവികൊണ്ടില്ല. വിശാല പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാനായി രാവിലെ പട്‌നയിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് ഖാർഗെയുടെ പ്രതികരണം.
വിഷയത്തിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുമ്പ് പാർട്ടി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പാർലമെന്റുമായി ബന്ധപ്പെട്ട വിഷയമായിരിക്കെ മറ്റിടങ്ങളിൽ സംസാരിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഖാർഗെ പറഞ്ഞു.
വിശാല പ്രതിപക്ഷയോഗത്തിൽ ഏതാണ്ട് 18-20 കക്ഷികൾ ഒന്നിച്ചാണ് എന്ത് എതിർക്കണമെന്നും എന്ത് സ്വീകരിക്കണമെന്നും തീരുമാനിക്കുന്നത്. എല്ലാ പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കേണ്ട വിഷയങ്ങളിലാണ് തീരുമാനമെടുക്കേണ്ടത്. ആം ആദ്മി പാർട്ടിക്ക് അത് അറിയാഞ്ഞിട്ടല്ല. നമ്മുടെ സർവകക്ഷി യോഗങ്ങളിൽ സാധാരണ പങ്കെടുക്കുന്നവാരാണ് അവരെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാനുള്ള സംയുക്ത നീക്കത്തിനായി ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) തലവനുമായ നിതീഷ് കുമാറാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചിരിക്കുന്നത്.
കോൺഗ്രസ് നേതാക്കളായ ഖാർഗെ, രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, സീതാറാം യെച്ചൂരി (സി.പി.ഐ.എം) തുടങ്ങിയ ഇരുപതോളം പാർട്ടി നേതാക്കൾ പങ്കെടുത്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.