ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം സിത്രാങ് ചുഴലിക്കാറ്റായി മാറിയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച രാവിലെയാണ് ന്യൂനമർദമായി കൂടുതൽ ശക്തി പ്രാപിച്ചത്. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 50-60 കി.മീ മുതൽ 70 കി.മീ. വരെ ഉയരാൻ സാധ്യതയുണ്ട്.
ചൊവ്വാഴ്ച രാവിലെ (ഒക്ടോബർ 25) ചുഴലിക്കാറ്റ് ബംഗ്ലാദേശിനെയും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ തീരത്തെയും കടക്കുമെന്നാണ് നിഗമനം. അന്താരാഷ്ട്ര അതിർത്തിയുടെ ഇരുവശത്തുമുള്ള സുന്ദർബൻസിൽ ചുഴലിക്കാറ്റ് പരമാവധി ആഘാതം ഏൽപിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും തീര ജില്ലകളിൽ ചൊവ്വാഴ്ച വരെ വ്യാപകമായ കനത്ത മഴക്ക് സാധ്യതയുണ്ട്. തെക്കൻ അസം, കിഴക്കൻ മേഘാലയ, നാഗലാൻഡ്, മിസോറാം, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിൽ തിങ്കളാഴ്ച വരെ മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ ത്രിപുരയിലും മിസോറാമിലും അതിശക്തമായ മഴ പെയ്യും. ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങൾ, ആൻഡമാൻ ദ്വീപുകൾ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. ഞായറാഴ്ച വരെ കടൽ പ്രക്ഷുബ്ധമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.