ന്യൂഡൽഹി: റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമങ്ങളുടെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന പഞ്ചാബി താരം ദീപ് സിദ്ദു അറസ്റ്റിൽ. ചെങ്കോട്ടയിലെ അക്രമ സംഭവങ്ങൾക്ക് ശേഷം ഒളിവിലായിരുന്നു നടൻ.
ഡൽഹി പൊലീസിലെ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. നടനെതിരെ പൊലീസ് എഫ്.ഐ.ആർ രേഖപ്പെടുത്തി കേസ് എടുത്തിരുന്നു.
ദീപ് സിദ്ദുവിനെയും മൂന്ന് കൂട്ടാളികളെയും കുറിച്ച് വിവരം നൽകുന്നവർക്ക് ഡൽഹി പൊലീസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ജനുവരി 26ലെ ട്രാക്ടർ റാലിയിൽ അക്രമ സംഭവങ്ങൾക്ക് പ്രേരിപ്പിച്ചുവെന്നാണ് ദീപ് സിദ്ദുവിനെതിരായ കുറ്റം. അക്രമ സംഭവങ്ങൾക്ക് ശേഷം കർഷകർ നടനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. കേന്ദ്രവും ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധം ഇയാൾ പുലർത്തിയിരുന്നതായും ആരോപണം ഉയർന്നിരുന്നു.
പൊലീസ് തന്നെ വേട്ടയാടുകയാണെന്ന് വ്യക്തമാക്കി 36കാരനായ ദീപ് സിദ്ദു ഫേസ്ബുക്കിലൂടെ വിഡിയോ പുറത്തുവിട്ടിരുന്നു. വിദേശത്തുനിന്ന് സുഹൃത്തായിരുന്നു സിദ്ദുവിന്‍റെ വിഡിയോകൾ പുറത്തുവിട്ടിരുന്നത്.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 44 കേസുകളാണ് ഡൽഹി പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഇതുവരെ 122 പേരാണ് അറസ്റ്റിലായത്. നിരവധി കർഷക നേതാക്കളുടെ പേരിലും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.