ലഖ്നോ: മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെതിരേ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈകോടതിയിൽ നൽകിയ അപ്പീൽ പരിഗണിക്കുന്നത് മുൻ ബി.ജെ.പി മന്ത്രി മായാ കൊട്നാനിയുടെ അഭിഭാഷകരിൽ ഒരാളായിരുന്ന, ജസ്റ്റിസ് ഹേമന്ത് എം പ്രചക്. 2002ലെ ഗുജറാത്ത് കലാപക്കേസുകളിലാണ് മായാ കൊട്നാനിക്ക് വേണ്ടി ഹേമന്ത് എം പ്രചക് ഹാജരായത്. അഹമ്മദാബാദിലെ നരോദ പാട്യ, നരോദ ഗാം പ്രദേശങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറിലധികം മുസ്‌ലിംകൾ കൊല്ലപ്പെട്ട കേസുകളിലൊന്നിൽ ജസ്റ്റിസ് പ്രചക്, മായാ കൊട്നാനിക്ക് വേണ്ടി വാദിച്ചിരുന്നു. നരോദ പാട്യ, നരോദ ഗാം കേസുകളിലെ എല്ലാ പ്രതികളെയും ഒരാഴ്ച മുമ്പ് ഗുജറാത്തിലെ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയതും ശ്രദ്ധേയമാണ്.
ഗുജറാത്ത് ഹൈകോടതിയിലാണ് ഹേമന്ത് പ്രചക് പ്രാക്ടീസ് ആരംഭിച്ചത്. ശേഷം 2002 മുതൽ 2007 വരെ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡറായും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ചു. 2021ൽ ജഡ്ജിയാവുന്നതിന് മുമ്പ് 2015ലും 2019ലും ഗുജറാത്ത് ഹൈകോടതിയിൽ കേന്ദ്ര സർക്കാരിന്‍റെ സ്റ്റാൻഡിങ് കൗൺസലുമായിരുന്നു.
2019ൽ കാർണാടകയിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിലുള്ള മാനനഷ്ടക്കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള രാഹുൽ ഗാന്ധിയുടെ ഹരജി നേരത്തെ സൂറത് സെഷൻസ് കോടതി തള്ളിയിരുന്നു. കേസിൽ രണ്ടു വർഷത്തെ തടവു ശിക്ഷ വിധിച്ച കീഴ് കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജിയാണ് സൂറത് സെഷൻസ് കോടതി ജഡ്ജ് റോബിൻ പോൾ മൊഗേര തള്ളിയത്. തുടർന്നാണ് രാഹുൽ ഗാന്ധി ഹൈകോടതിയെ സമീപിച്ചത്. സൂറത് സെഷൻസ് കോടതിയിൽ കേസ് പരിഗണിച്ച ജഡ്ജ് മൊഗേര 2006ൽ തുൽസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസിൽ, ആഭ്യന്തര മന്ത്രി അമിത്ഷാക്ക് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു.
ഏപ്രിൽ 27 ന് മാനനഷ്ടക്കേസ് പരിഗണിക്കാനിരുന്ന ജസ്റ്റിസ് ഗീത ഗോപി കേസ് കേൾക്കുന്നതിൽ നിന്ന് സ്വയം പിന്മാറിയിരുന്നു. ക്രിമിനൽ റിവിഷൻ അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു രാഹുലിന്റെ അഭിഭാഷകൻ പങ്കജ് ചമ്പനേരിയുടെ ആവശ്യം. എന്നാൽ, ഇത് തന്റെ മുന്നിലല്ല പരിഗണിക്കേണ്ടത് എന്ന് പറഞ്ഞ് അവർ പിന്മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.