ഡി.കെ. ശിവകുമാർ

തട്ടകത്തിലെ തോൽവി; പ്രതിസന്ധിമുനയിൽ ഡി.കെ. ശിവകുമാർ

ബംഗളൂരു: കുറഞ്ഞത് 15 സീറ്റെങ്കിലും ലക്ഷ്യമിട്ട് പ്രചാരണം നടത്തിയ കോൺഗ്രസിന് കർണാടകയിൽ പ്രതീക്ഷിച്ച പ്രകടനം നടത്താനാകാതിരുന്നതോടെ കെ.പി.സി.സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ പ്രതിസന്ധി മുനയിൽ.

നിയമസഭ തെരഞ്ഞെടുപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ കോൺഗ്രസിന് അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും ഒരു വർഷത്തിനിപ്പുറം ആ സ്വാധീനം കുറയുമ്പോൾ, ശിവകുമാറിന്റെ മുഖ്യമന്ത്രിപദവി എന്ന സ്വപ്നത്തിനുമേലും കരിനിഴൽ വീഴുകയാണ്.

ലിംഗായത്, വൊക്കലിഗ വോട്ടുകൾ കൈവിട്ടതാണ് കോൺഗ്രസിന്റെ പ്രകടനത്തെ സാരമായി ബാധിച്ചത്. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന പഴയ മൈസൂരു മേഖലയടങ്ങുന്ന തെക്കൻ കർണാടകയിലായിരുന്നു കോൺഗ്രസ് കാര്യമായി നോട്ടമിട്ടിരുന്നത്. വൊക്കലിഗ ബെൽറ്റായി അറിയപ്പെടുന്ന മേഖലയിൽ 14ൽ രണ്ടു സീറ്റിൽ മാത്രമാണ് ജയിക്കാനായത്; ചാമരാജ് നഗറും ഹാസനും. പ്രതീക്ഷയർപ്പിച്ച ബംഗളൂരു റൂറൽ, കോലാർ, ചിക്കബല്ലാപുര, തുമകുരു എന്നിവിടങ്ങളിൽ തോൽവി വഴങ്ങി.

കോൺഗ്രസ് നിർത്തിയ ആറു വൊക്കലിഗ സ്ഥാനാർഥികളിൽ അഞ്ചുപേരും തോറ്റു. ദേവഗൗഡ നിറം മങ്ങുമ്പോൾ വൊക്കലിഗ സമുദായത്തിൽ നിയന്ത്രണമുള്ള നേതാവായി ഉയരാനുള്ള ഡി.കെ. ശിവകുമാറിന്റെ പദ്ധതികൾക്കു കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം തടയിട്ടത്. ബംഗളൂരു റൂറലിൽ ബി.ജെ.പിയോടേറ്റ തോൽവി ശിവകുമാറിനും സഹോദരൻ ഡി.​കെ. സുരേഷിനും ഒരുപോലെ കനത്ത പ്രഹരമാണ്.

സംസ്ഥാനത്തെ 27 സീറ്റിൽ കോൺഗ്രസിനുവേണ്ടി പ്രചാരണ പദ്ധതികൾ ആസൂത്രണംചെയ്ത ‘എദ്ദേളു കർണാടക’ പോലും ബംഗളൂരു റൂറൽ സീറ്റ് ഒഴിവാക്കിയത് ശിവകുമാറിന്റെ നേതൃപരമായ കഴിവ് മുന്നിൽക്കണ്ടായിരുന്നു. എന്നാൽ, ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ മരുമകനായ ഡോ. സി.എൻ. മഞ്ജുനാഥിനെ ബി.ജെ.പി ടിക്കറ്റിൽ മത്സരിപ്പിച്ച സഖ്യതന്ത്രം ഫലം കണ്ടു.

ദേവഗൗഡയുടെ കുടുംബാംഗമെന്ന നിലയിൽ ജെ.ഡി-എസിന്റെയും പാർട്ടി സ്ഥാനാർഥിയെന്ന നിലയിൽ ബി.ജെ.പിയുടെയും വോട്ടുകൾ പൂർണമായും സി.എൻ. മഞ്ജുനാഥിലെത്തി. മാണ്ഡ്യയിൽനിന്ന് എച്ച്.ഡി. കുമാരസ്വാമിയും ബംഗളൂരു റൂറലിൽനിന്ന് ഡോ. സി.എൻ. മഞ്ജുനാഥും ജയിച്ചാൽ വൊക്കലിഗ സമുദായത്തിൽനിന്ന് രണ്ടു കേന്ദ്രമന്ത്രിമാർ എന്ന പ്രചാരണവും സ്വാധീനിക്കപ്പെട്ടു.

അതേസമയം, രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന വടക്കൻ കർണാടകയിലെ 14 സീറ്റിൽ ഏഴെണ്ണം കോൺഗ്രസിന് തിരിച്ചുപിടിക്കാനായി. ഇതിൽ ബെള്ളാരിയും കലബുറഗിയുമടക്കം അഞ്ചു സീറ്റുകൾ പിന്നാക്ക മേഖലയായ കല്യാണ കർണാടകയിലേതാണ് (പഴയ ഹൈദരാബാദ് കർണാടക). ലിംഗായത് ഭൂരിപക്ഷ മേഖലയായ കിറ്റൂർ കർണാടകയിലെ ഏഴിൽ ഒരു മണ്ഡലം മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്- ചിക്കോടി.

മധ്യ കർണാടകയിലെ ദാവൻകരെയും തിരിച്ചുപിടിച്ചു. തീരദേശ സീറ്റുകൾ പതിവുപോലെ ബി.ജെ.പിക്കൊപ്പം നിന്നു. ജയിച്ച ഒമ്പതിൽ നാലുപേരും സംവരണ സീറ്റിൽ മത്സരിച്ചവരായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ 1999നുശേഷം കോൺഗ്രസിന് രണ്ടക്കം കാണാനായിട്ടില്ല.

സംസ്ഥാന സർക്കാറിന്റെ ഗാരന്റി പദ്ധതികളും കേന്ദ്രസർക്കാറിനെതിരായ ജനവികാരവും വോട്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും വ്യത്യസ്ത ഫലം നൽകുന്ന കർണാടകയുടെ ജനവിധി ഇക്കുറിയും തെറ്റിയില്ല.

Tags:    
News Summary - Defeat on the field- DK Sivakumar at the edge of crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.