ഹൈദരാബാദ്: ബാങ്കിനെ കബളിപ്പിച്ച് 20 വർഷം മുമ്പ് ഒളിവിൽ പോവുകയും പിന്നീട് മരിച്ചതായി കോടതി പ്രഖ്യാപിക്കുകയും ചെയ്തയാളെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശി വി. ചലപതി റാവുവാണ് അറസ്റ്റിലായത്. കൂടെക്കൂടെ പേരുമാറ്റിയും പല സ്ഥലങ്ങളിൽ മാറിത്താമസിച്ചുമാണ് ഇയാൾ ഇതുവരെ ഒഴിവിൽ കഴിഞ്ഞതെന്ന് സി.ബി.ഐ അറിയിച്ചു.
എസ്.ബി.ഐയുടെ ഹൈദരാബാദ് ചന്ദുലാൽ ബിരാദാരി ശാഖയിൽ കമ്പ്യൂട്ടർ ഓപറേറ്റായിരുന്ന ഇയാൾ വ്യാജരേഖയുണ്ടാക്കി 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ 2002 മെയിലാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്. ഇലക്ട്രോണിക് കടകളുടെ പേരിൽ വ്യാജ ക്വട്ടേഷനും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും പേരിൽ വ്യാജ ശമ്പള സർട്ടിഫിക്കറ്റുണ്ടാക്കിയുമാണ് ഇയാൾ ബാങ്കിനെ കബളിപ്പിച്ചത്. 2004ൽ ഇയാൾക്കെതിരെ രണ്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു.
തുടർന്ന് ആ വർഷം തന്നെ ഇയാൾ ഒളിവിൽ പോയി. ഏഴ് വർഷത്തിനുശേഷം, ഇയാൾ മരിച്ചതായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ കോടതിയെ സമീപിച്ചു. ഇവരും കേസിൽ പ്രതിയായിരുന്നു. ഹരജി പരിഗണിച്ച കോടതി ഇയാൾ മരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവിറക്കി. എങ്കിലും അന്വേഷണം തുടർന്ന സി.ബി.ഐ തമിഴ്നാട്ടിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2007ൽ സേലത്തെത്തിയ ഇയാൾ അവിടെ വിനീത് കുമാർ എന്ന പേരിൽ മറ്റൊരു വിവാഹം കഴിച്ച് താമസമാരംഭിച്ചു. ആദ്യ ഭാര്യയിലെ മകനെ ഇയാൾ ബന്ധപ്പെടുന്നുണ്ടെന്ന് 2014ൽ രണ്ടാം ഭാര്യയിൽനിന്ന് സൂചന ലഭിച്ച സി.ബി.ഐ സംഘം എത്തിയപ്പോൾ ഇയാൾ ഭോപ്പാലിലേക്ക് കടന്നു. ഇവിടെ വായ്പാ റിക്കവറി ഏജന്റായി ജോലി ചെയ്തു. പിന്നീട് ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെത്തി ഒരു സ്കൂളിൽ ജോലി ചെയ്തു. 2016ൽ സി.ബി.ഐ സംഘം രുദ്രാപൂരിൽ എത്തിയപ്പോൾ ഇയാൾ ഔറാഗാബാദിലെ ഒരു ആശ്രമത്തിലേക്ക് മാറിയതായി അറിയാൻ കഴിഞ്ഞു.
സ്വാമി വിധിതാത്മാനന്ദ് ഥീർഥ എന്ന് പേര് മാറ്റി ഇയാൾ ആധാർ കാർഡും സമ്പാദിച്ചു. 2021 ഡിസംബറിൽ ആശ്രമത്തിൽനിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങി. പിന്നീട് രാജസ്ഥാനിലെ ഭരത്പൂരിലെത്തി സ്വാമിയായി തുടർന്നു. ഏതാനും മാസങ്ങൾക്കുശഷം അവിടെനിന്ന് തമിഴ്നാട്ടിലെ തിരുനെൽവേലിയിലേക്ക് കടന്ന് ശിഷ്യനൊപ്പം താമസമാക്കി. ഇതിനകം 10 തവണ ഇയാൾ മൊബൈൽ നമ്പർ മാറ്റിയിരുന്നു. ശ്രീലങ്കയിലേക്ക് കടക്കാനും പദ്ധതിയിട്ടു. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ആഗസ്റ്റ് നാലിനാണ് സി.ബി.ഐ ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ആഗസ്റ്റ് 16 വരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.