ഡെറാഡൂൺ (ഉത്തരഖണ്ഡ്): സഹപാഠികളാൽ കൂട്ടബലാത്സംഗത്തിനിരയായ വിദ്യാർഥിനിക്ക് നഗരത്തിലെ സ്കൂൾ അധികൃതർ 10ാംതരം പ്രവേശനം നിഷേധിച്ചതായി മാതാപിതാക്കൾ. പെൺകുട്ടിയുടെ സാന്നിധ്യം പഠനാന്തരീക്ഷത്തെ തകർക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഇതെന്ന് ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പ്രവേശനത്തിനായി ഒന്നിലേറെ സ്കൂളുകളെ ഇവർ സമീപിച്ചെങ്കിലും നിരസിക്കുകയായിരുന്നുവെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് നിവേദിത കുക്രേറ്റി പറഞ്ഞു. പരാതി പരിഗണിക്കുന്നതായും സ്കൂളിലേക്ക് അന്വേഷണസംഘത്തെ അയക്കുമെന്നും പറഞ്ഞ ഒാഫിസർ ഇത്തരം സംഭവങ്ങളിൽ നിയമനടപടിക്കുള്ള സാധ്യതയെന്താണെന്ന് പരിശോധിച്ചുവരുന്നതായും പറഞ്ഞു. സംഭവം ശരിയാണെന്ന് കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
ഡെറാഡൂണിനു പുറത്തുള്ള ഏതെങ്കിലും സ്കൂളിൽ കുട്ടിയെ അയക്കുന്നതുമായി ബന്ധപ്പെട്ട ആലോചനയിലാണ് മാതാപിതാക്കൾ. ഇൗ വർഷം ആഗസ്റ്റ് 14നാണ് പെൺകുട്ടി പഠിച്ചിരുന്ന സഹാസ്പുർ സ്കൂളിലെ സഹപാഠികൾ ബലാത്സംഗത്തിനിരയാക്കിയത്. അധികൃതർ മൂടിവെച്ച സംഭവം ഒരുമാസം കഴിഞ്ഞാണ് പുറത്തറിഞ്ഞത്.
ആരോപിതരായ നാലു വിദ്യാർഥികളും ഡയറക്ടറും പ്രിൻസിപ്പലും അടക്കം സ്കൂൾ ജീവനക്കാരായ അഞ്ചുപേരും അറസ്റ്റിലായി. സംസ്ഥാന സർക്കാറിെൻറ ശിപാർശയെ തുടർന്ന് സി.ബി.എസ്.സി സ്കൂളിെൻറ അംഗീകാരം റദ്ദാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.