ന്യൂഡൽഹി: ഡൽഹിയിൽ വീടുകളും കെട്ടിടങ്ങളും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച സംഭവത്തിൽ ബി.ജെ.പി ഭരിക്കുന്ന മൂന്ന് മുനിസിപ്പൽ കോർപറേഷനുകളോട് ഡൽഹി സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഡൽഹിയിലെ പൊളിക്കൽ തുടർന്നാൽ 63 ലക്ഷം പേരെ ഭവനരഹിതരാക്കുമെന്നും ഇത് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നാശമായിരിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
ഡൽഹി ഒരു ആസൂത്രിത നഗരമായി വികസിച്ചിട്ടില്ല. ഡൽഹിയിലെ 80 ശതമാനം സ്ഥലങ്ങളും കൈയ്യേറ്റത്തതിലൂടെ പിടിച്ചെടുത്തതാണ്. അതിനർഥം ഡൽഹിയുടെ 80 ശതമാനവും നിങ്ങൾ നശിപ്പിക്കുമെന്നാണോ- കെജ്രിവാൾ ചോദിച്ചു.
കൈയ്യേറ്റ വിരുദ്ധ നീക്കത്തെ എതിർത്തതിന് ജയിലിൽ പോകാൻ വരെ തയാറാണെന്ന് എ.എ.പി എം.എൽ.എമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ കെജ്രിവാൾ പറഞ്ഞിരുന്നു. മണ്ണുമാന്തി യന്ത്രങ്ങളുമായി കോളനികളിലെത്തി എല്ലാ കടകളും വീടുകളും അവർ പൊളിക്കുകയാണ്. അനധികൃത നിർമാണമല്ലെന്ന് തെളിയിക്കുന്ന രേഖകൾ കാണിച്ച് കൊടുക്കുമ്പോൾ പരിശോധിക്കാൻ പോലും ആരും തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഡൽഹി നഗരത്തിൽ കൈയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കണമമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ആദേശ് ഗുപ്ത മേയർക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി ഭരണത്തിലുള്ള മുനിസിപ്പൽ കോർപ്പറേഷനുകളുടെ നേതൃത്വത്തിൽ പൊളിക്കൽ യജ്ഞം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.