ന്യൂഡൽഹി: ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് പാർട്ടി പ്രവർത്തകരെ സജ്ജരാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ ആം ആദ്മി പാർട്ടി (ആപ്). മുഖ്യമന്ത്രി പദവിയിൽനിന്ന് രാജിവെച്ച അരവിന്ദ് കെജ്രിവാൾ പാർട്ടി പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകും. ഇതിന് മുന്നോടിയായി ഞായറാഴ്ച കെജ്രിവാളിന്റെ നേതൃത്വത്തിൽ ഡൽഹി ജന്തർമന്തറിൽ ജനതാ കി അദാലത് പരിപാടി ആപ് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു മാസത്തിനുശേഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനൊരുങ്ങാൻ ലക്ഷ്യമിട്ടുകൂടിയാണ് പരിപാടിയെന്ന് പാർട്ടി നേതാക്കൾ പറയുന്നു. കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ, സംഘടന സംവിധാനം നിർജീവമായിരുന്നു. കൂടാതെ, ഭരണ വിരുദ്ധ വികാരവും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനു മുമ്പ് പാർട്ടിയെ ശക്തിപ്പെടുത്താനും ജനങ്ങളെ അഭിമുഖീകരിക്കാനും ഊർജിത ഒരുക്കം വേണമെന്ന് പാർട്ടിയിൽ നിർദേശം ഉയർന്നിരുന്നു.
മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ മുൻ നിർത്തി ബി.ജെ.പി ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങിയെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ആപ് കൂടുതൽ സജീവമാകുന്നത്. ഡല്‍ഹി ബി.ജെ.പിയുടെ 14 ജില്ല യൂനിറ്റുകളില്‍ ഏഴിടത്തെ അംഗത്വ കാമ്പയിന്റെ മേല്‍നോട്ട ചുമതല സ്മൃതി ഇറാനിയെ ബി.ജെ.പി അടുത്തിടെ ഏൽപിക്കുകയുണ്ടായി.
കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സൗത്ത് ഡല്‍ഹിയില്‍ സ്മൃതി വീട് വാങ്ങിയതായും റിപ്പോർട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് വനിത മുഖമായ ആതിഷിയെ മുഖ്യമന്ത്രി പദവിയിലേക്ക് ആം ആദ്മി പാർട്ടി കൊണ്ടുവന്നതെന്ന നിരീക്ഷണങ്ങളുണ്ട്. ഞായറാഴ്ച രാവിലെ 11നാണ് ജന്തർമന്തറിൽ ജനതാ കി അദാലത്. മുതിർന്ന ആം ആദ്മി നേതാക്കളെല്ലാം പരിപാടിയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.