ന്യൂഡൽഹി: താൽക്കാലികമായി രണ്ടു ദിവസത്തേക്ക് നിർത്തിവെച്ച ദില്ലി ചലോ മാർച്ച് ബുധനാഴ്ച രാവിലെ 11 മണിക്ക് പഞ്ചാബ് അതിർത്തികളിൽ നിന്നും പുനരാരംഭിക്കും. ചോളം, പരുത്തി, മൂന്നിനം ധാന്യങ്ങൾ എന്നിവക്ക് മാത്രം അഞ്ചു വർഷത്തേക്ക് താങ്ങുവില ഏർപ്പെടുത്താമെന്ന കേന്ദ്ര നിർദേശം തള്ളിയതിന് പിന്നാലെയാണ് മാർച്ച് കൂടുതൽ ശക്തിയോടെ പുനരാരംഭിക്കുമെന്ന് കർഷക നേതാക്കൾ അറിയിച്ചത്.
പഞ്ചാബ് കർഷകരെ ഹരിയാന പൊലീസ് ശംബു, കനൗരി അതിർത്തികളിൽ കോൺക്രീറ്റ് ബാരിക്കേഡുകൾ വെച്ചും കണ്ണീർവാതക ഷെല്ലുകൾ ഉപയോഗിച്ചും തടഞ്ഞിട്ടിരിക്കുകയാണ്. ഇത് മറികടക്കാനുള്ള സംവിധാനങ്ങളുമായാണ് ബുധനാഴ്ച വീണ്ടും സമരം പുനരാരംഭിക്കുന്നത്. ബാരിക്കേഡുകൾ നീക്കാൻ മണ്ണുമാന്തി യന്ത്രങ്ങൾ അതിർത്തികളിലേക്ക് എത്തിച്ചു.
കണ്ണീർ വാതക ഷെല്ലുകൾ നിർവീര്യമാക്കാൻ വെള്ളം ചീറ്റാൻ ഉപയോഗിക്കുന്ന യന്ത്രങ്ങളും കർഷകർ സജ്ജമാക്കിയിട്ടുണ്ട്.ഒരു കാരണവശാലും ഞങ്ങളെ ഡൽഹിയിൽ പ്രവേശിപ്പിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കർഷകരുമായി ചർച്ച നടത്തി പരിഹാരം കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ ഞങ്ങളെ അനുവദിക്കണമെന്നും നേതാവ് സർവൻ സിങ് പാന്ഥേർ പറഞ്ഞു. ഹരിയാനയിലെ സ്ഥിതി കശ്മീരിലെ പോലെയാണ്. ഇനി എന്ത് സംഭവിച്ചാലും ഉത്തരവാദി സർക്കാറായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രണ്ടോ മൂന്നോ ഇനങ്ങൾക്കുമാത്രം താങ്ങുവിലയെന്ന കേന്ദ്ര നിർദേശം ചില കർഷകരെ മാത്രം സഹായിക്കുന്നതാണെന്നും മറ്റുള്ളവരെ പ്രയാസത്തിലാക്കുമെന്നുമാണ് കർഷക സംഘടനകളുടെ നിലപാട്. രണ്ടോ മൂന്നോ വിളകൾക്ക് മാത്രം താങ്ങുവില നൽകുംവഴി 1.5 ലക്ഷം കോടി അധിക ബാധ്യത വരുമെന്നാണ് സർക്കാർ നിലപാടെങ്കിൽ എല്ലാ വിളകൾക്കും അത് ബാധകമാക്കിയാൽ 1.75 ലക്ഷം കോടിയേ വരൂ എന്നും അവർ കൂട്ടിച്ചേർത്തു. സമരം ശക്തമായിരിക്കെ പ്രതിരോധത്തിലായ പഞ്ചാബിലെ ബി.ജെ.പി നേതാവ് അമരീന്ദർ സിങ് വിഷയം പ്രധാനമന്ത്രിയുമായി സംസാരിക്കാൻ ചൊവ്വാഴ്ച ഡൽഹിയിലെത്തി. പഞ്ചാബിലെ കർഷകർ രണ്ടുദിവസം അമരീന്ദറിന്റെ വീട് ഉപരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.