എ.എ.പിയും ലഫ്റ്റനന്‍റ് ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഡല്‍ഹി സിവില്‍ ബോഡി പാനല്‍ തെരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡൽഹി: ഡല്‍ഹി സിവില്‍ ബോഡി പാനല്‍ തെരഞ്ഞെടുപ്പ് ഇന്ന്. ഡൽഹിയിലെ ഭരണകക്ഷിയായ എ.എ.പിയും ലഫ്റ്റനന്‍റ് ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് തെരഞ്ഞടുപ്പ്.  തെരഞ്ഞെടുപ്പ് വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ നടത്തണമെന്നായിരുന്നു ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി.കെ സക്സേന നേരത്തേ നിര്‍ദേശം നല്‍കിയിരുന്നത്. 

എന്നാൽ ഇങ്ങനെ അടിയന്തരമായി തെരഞ്ഞെടുപ്പ് നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എ.എ.പി നേതാവ് മനീഷ് സിസോദിയ ഗവര്‍ണര്‍ക്കെതിരെ വാർത്താസമ്മേളനം നടത്തിയതോടെ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിൽ നിന്ന് രാജ്ഭവന്‍ പിന്മാറുകയായിരുന്നു. തുടർന്ന് ഇന്ന് ഒരു മണിക്ക് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു.

അതേസമയം ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ ഏഴാമത്തെ അംഗത്തെ കണ്ടെത്താന്‍ ഇന്ന് നടക്കാനിരുന്ന തെരഞ്ഞെടുപ്പ് മേയര്‍ ഷെല്ലി ഒബ്റോയ് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി. കൗണ്‍സലര്‍മാരുടെ സുരക്ഷ പരിശോധനയെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. അംഗങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ അകത്തേക്ക് കൊണ്ടുപോകുന്നത് വിലക്കിയതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് മേയർ പറഞ്ഞിരുന്നു.

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ മിക്ക സാമ്പത്തിക തീരുമാനങ്ങളും എടുക്കാനുള്ള ഉത്തരവാദിത്തം സ്റ്റാന്‍ഡിങ് കമ്മിറ്റിക്കാണ്. നിലവില്‍ മൂന്ന് എ.എ.പി അംഗങ്ങളും രണ്ട് ബി.ജെ.പി അംഗങ്ങളുമാണ് കമ്മിറ്റിയില്‍ ഉള്ളത്. ആറാമത്തെ അംഗത്തെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നീണ്ടുപോകുന്നത് ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഈ വർഷം ആദ്യം വെസ്റ്റ് ഡൽഹി പാർലമെൻ്റ് സീറ്റിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ബി.ജെ.പി കൗൺസിലർ കമൽജീത് സെഹ്‌രാവത് രാജിവച്ചിരുന്നു. തുടർന്നാണ് കമ്മിറ്റിയില്‍ ഒഴിവ് വന്നത്.

Tags:    
News Summary - delhi-civic-body-panel-election-today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.