കെജ്രിവാളിനെതിരെ മൊഴി നൽകിയ മാപ്പുസാക്ഷിയുടെ പിതാവിന് ലോക്സഭ ടിക്കറ്റ്

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ മൊഴി നൽകിയ മദ്യനയ അഴിമതിക്കേസ് പ്രതിയും മാപ്പുസാക്ഷിയുമായ രാഘവ് മഗുന്ദ റെഡ്ഡിയുടെ പിതാവ് മഗുന്ദ ശ്രീനിവാസലു റെഡ്ഡിക്ക് ലോക്സഭ ടിക്കറ്റ് നൽകി ബി.ജെ.പിയുടെ പ്രത്യുപകാരം. ആന്ധ്രപ്രദേശിൽ ബി.ജെ.പിയുമായി കൂട്ടുകൂടിയ തെലുഗുദേശം പാർട്ടിയുടെ(ടി.ഡി.പി) ബാനറിലാണ് റെഡ്ഡി മത്സരിക്കുക. ഓങ്കോളെയിൽ നിന്നാണ് റെഡ്ഡി ജനവിധി തേടുക. ഫെബ്രുവരി 28നാണ് വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി വിട്ട് റെഡ്ഡി ടി.ഡി.പിയിൽ ചേർന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ടി.ഡി.പിക്കായി അച്ഛനും മകനും പ്രചാരണത്തിനിറങ്ങും. 2023 ഫെബ്രുവരിയിലാണ് മദ്യനയ അഴിമതിക്കേസിൽ മുഗുന്ദ റെഡ്ഡിയെ അറസ്റ്റ് ചെയ്തത്. മാപ്പുസാക്ഷിയായി മാറിയതോടെ 2023 ഒക്ടോബറിൽ ജാമ്യം ലഭിക്കുകയും ചെയ്തു.

ഓങ്കോളെയിൽ നിന്ന് നാലുതവണ എം.പിയായിട്ടുണ്ട് റെഡ്ഡി. ഇത്തവണ മകനെ ഇവിടെ നിന്ന് മത്സരിപ്പിക്കണമെന്നായിരുന്നു റെഡ്ഡിയുടെ ആഗ്രഹം. എന്നാൽ മദ്യനയ കേസിൽ പ്രതിയായതോടെ ആ മോഹം പൊലിഞ്ഞു.

 ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, ബി.ആർ.എസ് നേതാവ് കെ. കവിത തുടങ്ങിയവര്‍ നടത്തിയ ഗൂഢാലോചനയാണ് ഡല്‍ഹി മദ്യനയ അഴിമതിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം.

വ്യവസായികളായ ശരത് റെഡ്ഡി, മഗുന്ദ ശ്രീനിവാസലു റെഡ്ഡി, കെ. കവിത എന്നിവരടങ്ങുന്ന സൗത്ത് ഗ്രൂപ്പിന് 2021-22ലെ പുതിയ മദ്യനയം അനുസരിച്ച് ആകെയുള്ള 32 സോണുകളില്‍ ഒമ്പതെണ്ണം ലഭിച്ചു. മൊത്തക്കച്ചവടക്കാര്‍ക്ക് 12 ശതമാനം മാര്‍ജിനും ചെറുകിടക്കാര്‍ക്ക് 185 ശതമാനം ലാഭവും ലഭിക്കുന്ന തരത്തിലായിരുന്നു പുതിയ നയം. ഈ 12 ശതമാനത്തില്‍നിന്ന് ആറ് ശതമാനം മൊത്തക്കച്ചവടക്കാരില്‍നിന്ന് തിരികെ എ.എ.പി നേതാക്കള്‍ക്കു ലഭിക്കുന്ന തരത്തിലായിരുന്നു സംവിധാനമെന്നാണ് ഇ.ഡിയുടെ ആരോപണം. ഇത്തരത്തില്‍ 100 കോടി രൂപ എ.എ.പിക്കു ലഭിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം.

Tags:    
News Summary - Delhi excise policy scam: Approver's father Magunta Srinivasulu Reddy gets ticket from BJP ally TDP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.