ന്യൂഡൽഹി: വിമാനത്തിൽ തൊഴിലാളികളെ നാട്ടിലേക്കയക്കാൻ മുൻകൈയെടുത്ത് ഡൽഹിയിലെ കർഷകൻ. 20 വർഷത്തിലേറെയായി തനിക്കായി അധ്വാനിക്കുന്ന ബീഹാർ സ്വദേശികളായ 10 തൊഴിലാളികളെ നാട്ടിലേക്കയക്കാനാണ് കർഷകനായ പപ്പൻ ഗെഹ്ലോട് 68,000 രൂപ ചെലവിട്ട് വിമാന ടിക്കറ്റുകൾ വാങ്ങി നൽകിയത്. കൂടാതെ വീട്ടിലേക്കുള്ള യാത്രയിൽ ബുദ്ധിമുട്ടാതിരിക്കാൻ ഓരോരുത്തർക്കും 3000 രൂപ വീതവും നൽകി.
ഏപ്രിൽ ആദ്യവാരം മുതൽ നാട്ടിലേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു തൊഴിലാളികൾ. ‘‘ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഒരുപാട് ശ്രമിച്ചിട്ടും നടന്നില്ല. 20 വർഷത്തിലേറെയായി അവർ ഞങ്ങൾക്കായി ജോലി ചെയ്യുന്നു. അവരെ സുരക്ഷിതമായി വീട്ടിലെത്തിക്കേണ്ടത് ഞങ്ങളുടെ ചുമതലയാണ്. അതിനാൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് അവരെ യാത്രയാക്കുകയായിരുന്നു.’’ -ഗെഹ്ലോട്ടിെൻറ സഹോദരൻ നിരഞ്ജൻ എ.എൻ.ഐ വാർത്ത ഏജൻസിയോടു പറഞ്ഞു.
വിമാനയാത്ര ചെയ്യാനായതിെൻറ സന്തോഷം തൊഴിലാളികളും പങ്കുവെച്ചു. ‘‘ ഒരിക്കലും വിമാനത്തിൽ യാത്ര ചെയ്യാനാകുമെന്ന് കരുതിയില്ല. തൊഴിലുടമ ഞങ്ങൾക്ക് ആ സൗകര്യം ചെയ്തു തുറന്നു. ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി വേണം നാട്ടിലെത്താൻ. നടന്നോ സൈക്കിൾ വഴിയോ അത്രയും ദൂരം സഞ്ചരിക്കാനാവില്ല.’’ -ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് തൊഴിലാളികളിലൊരാൾ മനസു തുറന്നു.
വ്യാഴാഴ്ച രാവിലെ ആറുമണിക്കാണ് അവർ പാട്നയിലേക്ക് പുറപ്പെട്ടത്. ‘‘ഒരിക്കലും വിമാനയാത്ര ചെയ്യാനാവുമെന്ന് കരുതിയതല്ല. നന്ദി പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. വിമാനത്താവളത്തിലെത്തിയപ്പോൾ നേരിയ പരിഭ്രമമുണ്ടായിരുന്നു’’ -മകനൊപ്പം നാട്ടിലേക്ക് മടങ്ങിയ ലഖീന്ദർ റാം പറഞ്ഞു. 50 വയസുള്ള റാം 27 വർഷമായി ഗെഹ്ലോട്ടിനൊപ്പമാണ്. ലോക്ഡൗൺ തുടങ്ങിയതുമുതൽ തൊഴിലാളികൾക്ക് ഭക്ഷണവും താമസവും ഗെഹ്ലോട് ഉറപ്പുവരുത്തിയിരുന്നതായി തൊഴിലാളികൾ പറയുന്നു. ഡൽഹിയിലെ തിഗിപൂർ ഗ്രാമത്തിലെ കൂൺ കർഷകനാണിദ്ദേഹം. 1993 മുതൽ കൂൺ കൃഷി ചെയ്യുന്നതായി ഗെഹ്ലോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.