ന്യൂഡൽഹി: ഓൾഡ് രജീന്ദർ നഗറിലെ കോച്ചിങ് സെൻററിൻ്റെ ബേസ്മെൻ്റിൽ മൂന്ന് സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾ മുങ്ങി മരിച്ച സംഭവത്തിന് പിന്നാലെ കോച്ചിങ് സെൻററുകളെ നിയന്ത്രിക്കാൻ സർക്കാർ നിയമം കൊണ്ടുവരുമെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി പറഞ്ഞു. ഐ.ഇ.എസ് സ്റ്റഡി സർക്കിൾ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ദുരന്തത്തെ തുടർന്ന് 30 കോച്ചിങ് സെൻററുകളുടെ ബേസ്‌മെൻ്റുകൾ സീൽ ചെയ്തതായും 200 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും അതിഷി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം വിദ്യാർത്ഥികളോട് നേരിട്ട് സംസാരിച്ച് അവരുടെ ആവശ്യങ്ങൾ മനസിലാക്കിയ ശേഷം കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് റെഗുലേഷൻ ആക്റ്റ് കൊണ്ടുവരുമെന്ന് ഡൽഹി മേയർ ഷെല്ലി ഒബ്‌റോയ് പറഞ്ഞു.
നിയന്ത്രണങ്ങൾ രൂപീകരിക്കുന്നതിന് കോച്ചിങ് സെന്ററുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ഉൾപ്പെടുന്ന ഒരു കമ്മിറ്റിയെ സർക്കാർ രൂപീകരിക്കും. ഈ ദുരന്തത്തിന് കാരണമായത് ഡ്രെയിനേജ് ഏരിയ കയ്യേറിയതാണ്. അതോടെ വെള്ളത്തിന് ഒഴുകി പോകാൻ ഇടമില്ലാതായി തുടർന്ന് കോച്ചിങ് സെന്ററിൽ വെള്ളം പൊങ്ങുകയായിരുന്നു. പ്രദേശത്തെ ഡ്രെയിനേജ് സംവിധാനത്തിൽ വന്തോതിൽ ചെളി നിറഞ്ഞതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും അതിഷി പറഞ്ഞു.
ജല സംഭരണിയായി ഉപയോഗിക്കുന്നതിന് മാത്രം അനുമതിയുള്ള കെട്ടിടത്തിൻ്റെ ബേസ്മെൻ്റ് ലൈബ്രറിയായി ഉപയോഗിച്ചു. സംഭവത്തിൽ ജൂനിയർ എഞ്ചിനീയർ എം.സി.ഡിയെ പിരിച്ചുവിട്ടതായും അസിസ്റ്റൻ്റ് എൻജിനീയറെ സസ്പെൻഡ് ചെയ്തതായും അതിഷി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.