ന്യൂഡൽഹി: ധാതുസമ്പത്തിനുമേൽ സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താമെന്ന് സുപ്രീംകോടതി വിധി കേന്ദ്രം എതിർത്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ ജൂലൈ 25 ലെ സുപ്രധാന വിധിക്ക് ശേഷമാണിത്.
ധാതുക്കളുടെയും ധാതുസമ്പുഷ്ട ഭൂമിയുടെയുംമേൽ ഈടാക്കുന്ന റോയൽറ്റി നികുതിയായി കണക്കാക്കാനാവില്ലെന്നും ഭരണഘടന ബെഞ്ച് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കിയിരുന്നു. നികുതി ചുമത്താനുള്ള അധികാരം തങ്ങൾക്ക് മാത്രമാണെന്ന കേന്ദ്രസർക്കാറിന്റെ വാദം തള്ളിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിലെ എട്ടുപേരും സംസ്ഥാനങ്ങൾക്കനുകൂലമായി ഭൂരിപക്ഷ വിധി എഴുതിയത്.
ഖനന, ധാതു നിയന്ത്രണ നിയമം (എം.എം.ഡി.ആർ.എ) പ്രകാരം റോയൽറ്റി നികുതിയാണോ, ഖനനത്തിനുമേൽ നികുതി ചുമത്താൻ കേന്ദ്രത്തിന് മാത്രമാണോ അവകാശം, തങ്ങളുടെ അധികാര പരിധിയിലെ ഭൂമിയിലുള്ള ഖനനത്തിന് നികുതി ചുമത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടോ എന്നീ കാര്യങ്ങളാണ് സുപ്രീംകോടതി പരിശോധിച്ചത്. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, അഭയ് എസ്. ഓക്ക, ജെ.ബി. പർദിവാല, മനോജ് മിശ്ര, ഉജ്ജൽ ഭൂയാൻ, സതീഷ് ചന്ദ്ര ശർമ, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരായിരുന്ന ബെഞ്ചിലെ മറ്റ് ജഡ്ജിമാർ.
ധാതുക്കളുടെ അവകാശങ്ങൾക്ക് നികുതി നൽകാനുള്ള അവകാശം സ്ഥിരീകരിച്ചുകൊണ്ട് ഗണ്യമായ നേട്ടമുണ്ടാക്കിയ സുപ്രധാന വിധി നടപ്പാക്കുന്നത് സംബന്ധിച്ച് ഇത് മറ്റൊരു വിവാദത്തിന് തിരികൊളുത്തി. കേന്ദ്രത്തിൽ നിന്ന് റോയൽറ്റി റീഫണ്ട് ചെയ്യാൻ അനുവദിക്കുന്ന സുപ്രീം കോടതി വിധി മുൻകാല പ്രാബല്യത്തോടെ പ്രവർത്തനക്ഷമമാക്കണമെന്ന് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഈ അഭ്യർത്ഥനയെ കേന്ദ്രം എതിർക്കുകയായിരുന്നു.
ധാതു സമ്പുഷ്ട സംസ്ഥാനങ്ങളായ ഝാർഖണ്ഡ്, ഒഡിഷ, പശ്ചിമ ബംഗാൾ, ഛത്തിസ്ഗഢ് തുടങ്ങിയവക്ക് കൂടുതൽ വരുമാനത്തിന് വഴിയൊരുക്കുന്നതാണ് വിധി. കേന്ദ്രം ഈടാക്കിയ കോടിക്കണക്കിന് രൂപയുടെ നികുതി തിരികെ ലഭിക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ വിധി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇത് എതിർക്കുകയായുരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.