നിയമ ബിരുദധാരികളിൽ നിന്ന് അധിക എൻറോൾമെൻ്റ് ഫീസ് ഈടാക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സംസ്ഥാന ബാർ കൗൺസിലുകൾക്കും (എസ്‌.ബി.സി) ബാർ കൗൺസിൽ ഓഫ് ഇന്ത്യക്കും (ബി.സി.ഐ) നിശ്ചിത എൻറോൾമെൻ്റ് ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഒഴികെയുള്ള ഫീസ് അടയ്‌ക്കാൻ ആവശ്യപ്പെടാനാവില്ലെന്ന് സുപ്രീം കോടതി.

1961-ലെ അഭിഭാഷക നിയമപ്രകാരം എൻറോൾമെൻ്റ് സമയത്ത് ഫീസും ചാർജുകളും ഈടാക്കാനുള്ള എസ്‌.ബി.സിമാരുടെ തീരുമാനം ആർട്ടിക്കിൾ 14, ആർട്ടിക്കിൾ 19(1) എന്നിവയുടെ ലംഘനമാണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഭരണഘടനയിലെ സെക്ഷൻ 24(1)(എഫ്) പ്രകാരം നിലവിൽ എസ്‌.ബി.സികൾക്ക് എൻറോൾമെൻ്റ് ഫീസ് 600 രൂപയും ബി.സി.ഐക്ക് 150 രൂപയുമാണ്. പൊതു ഉദ്യോഗാർത്ഥികളിൽ നിന്ന് മുഴുവൻ തുകയും എസ്‌.സി, എസ്‌.ടി ഉദ്യോഗാർത്ഥികളിൽ നിന്ന് 125 രൂപയും മാത്രമേ ഈടാക്കാനാകൂ.

"ഒരു തൊഴിൽ തുടരാനുള്ള അവകാശം ഒരു വ്യക്തിയുടെ അന്തസ്സിന്റെ അവിഭാജ്യ ഘടകമാണ്. എൻറോൾമെന്റിൻ്റെ മുൻകൂർ വ്യവസ്ഥയായി അമിതമായ എൻറോൾമെൻറും വിവിധ ഫീസും ഈടാക്കുന്നത് അഭിഭാഷകരുടെ പ്രവേശനത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്നും" ബെഞ്ച് ചൂണ്ടിക്കാട്ടി.

വിവിധ ബാർ കൗൺസിലുകൾ ഈടാക്കുന്ന അമിതമായ എൻറോൾമെൻ്റ് ഫീസ് ചോദ്യം ചെയ്ത് ഗൗരവ് കുമാർ സമർപ്പിച്ച ഹരജി അടക്കം പത്തോളം ഹരജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. ഈ വിധിക്ക് ഭാവിയിൽ ഫലമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാന ബാർ കൗൺസിലുകൾ ശേഖരിച്ച അധിക എൻറോൾമെൻ്റ് ഫീസ് തിരികെ നൽകേണ്ടതില്ലെന്നും കോടതി പറഞ്ഞു. എൻറോൾമെൻ്റ് ഫീസ് പാർലമെൻ്റ് വ്യക്തമാക്കിയിട്ടുള്ളതിനാൽ ബാർ കൗൺസിലുകൾക്ക് അത് ലംഘിക്കാനാവില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

അഭിഭാഷകവൃത്തിയുടെ പരമോന്നത നിയന്ത്രണ സ്ഥാപനമായ ബി.സി.ഐക്കും സംസ്ഥാന ബാർ കൗൺസിലുകൾക്കും ക്ഷേമ വികസന പ്രവർത്തനങ്ങൾക്ക് അധിക ചാർജുകൾ ഈടാക്കാമെന്നും എന്നാൽ അഭിഭാഷക നിയമപ്രകാരം നിശ്ചയിച്ചിരിക്കുന്ന ഫീസിൽ കൂടുതൽ ഈടാക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ചില ബാർ കൗൺസിലുകൾ സംസ്ഥാന അഭിഭാഷകനായി എൻറോൾ വരുമ്പോൾ 40,000 രൂപ ഈടാക്കുന്നുണ്ടെന്നും ഇത് ജനസംഖ്യയിലെ ദരിദ്രരും പിന്നാക്കക്കാരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളിൽപ്പെട്ട അഭിഭാഷകർക്ക് അവസരം നിഷേധിക്കാൻ കരണമാകുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. 

Tags:    
News Summary - Supreme Court not to charge extra enrollment fee to law graduates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.