ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ രജത് ശർമക്ക് എതിരായ ട്വീറ്റുകൾ നീക്കം ചെയ്യണമെന്ന് കോൺഗ്രസ് നേതാക്കളായ രാഗിണി നായക്, ജയറാം രമേശ്, പവൻ ഖേര എന്നിവരോട് ഡൽഹി ഹൈകോടതി. ചാനൽ ചർച്ചക്കിടെ മോശം ഭാഷാപ്രയോഗം നടത്തിയെന്ന ആരോപണം ഉന്നയിക്കുന്നതിൽനിന്ന് തടയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ ശർമ നൽകിയ ഹരജിയിലാണ് അനുകൂലമായി കോടതിയുടെ ഇടപെടൽ. പ്രഥമദൃഷ്ട്യാ അധിക്ഷേപകരമായി ഒന്നും ഇല്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ ട്വീറ്റുകൾ വിലക്കിയത്.
കഴിഞ്ഞ ലോകസ്ഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വോട്ടെണ്ണൽ ദിവസം ഇന്ത്യ ടി.വിയിലെ ചർച്ചക്കിടെ കോൺഗ്രസ് വക്താവ് രാഗിണി നായക് സംസാരിച്ചുകൊണ്ടിരിക്കെ ശർമ വായുവിലൂടെ അധിക്ഷേപ ഭാഷ ഉപയോഗിക്കുന്നതായ വിഡിയോ ക്ലിപ് നിരവധി കോൺഗ്രസ് നേതാക്കൾ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.
ജൂൺ 10ന് നായക് എക്‌സിൽ ഈ വിഡിയോ പോസ്റ്റ് ചെയ്യുകയും ശർമ തനിക്കെതിരെ മോശമായ ഭാഷ ഉപയോഗിക്കുന്നത് കേൾക്കാനാകുമെന്ന് കുറിക്കുകയും ചെയ്തു. തുടർന്ന് ശർമക്കെതിരെ ഇവർ പൊലീസിൽ പരാതിയും നൽകി. എന്നാൽ, കോൺഗ്രസ് പാർട്ടിയുടെ മീഡിയ സെൽ തനിക്കെതിരെ വ്യാജ പ്രചാരണം അഴിച്ചുവിടുകയാണെന്നും ഇത് ഗൂഢാലോചനയാണെന്നും ആരോപിച്ച് ശർമ രംഗത്തെത്തി. തെറ്റായ വിവരങ്ങൾ തുടർച്ചയായി പ്രചരിപ്പിക്കുന്നത് അപകീർത്തികരമായി കണക്കാക്കുമെന്ന് ഇന്ത്യ ടി.വി കോൺഗ്രസിന്റെ കമ്യൂണിക്കേഷൻ വിഭാഗത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ശർമ പ്രതികരിച്ചു.
അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും ടി.വി ചർച്ചയുടെ ദൃശ്യങ്ങളിൽനിന്ന് പ്രഥമദൃഷ്ട്യാ അത് വ്യക്തമാണെന്നുമാണ് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ പ്രസ്താവിച്ചത്. കോൺഗ്രസ് നേതാക്കൾ സംഭവത്തെ അമിതാവേശത്തിലാക്കിയെന്നും സത്യസന്ധത പുലർത്തിയില്ലെന്നും ഹൈകോടതി നിരീക്ഷിച്ചു. പൗരന്മാർക്ക് സംസാരിക്കാനും ആവിഷ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നത് നിഷേധിക്കാനാവില്ല. എന്നാൽ, സംഭവത്തിൽ സത്യസന്ധത പുലർത്തുക എന്ന കടമയും ഉണ്ടായിരുന്നു. പരാതിക്കാരനെ വിമർശിക്കുന്ന എക്സ് പോസ്റ്റുകൾ അമിതവും അസത്യവുമാണ് -കോടതി പറഞ്ഞു.
ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് പരാതിക്കാരന്റെ പ്രശസ്തിക്ക് ഹാനി വരുത്തുക മാത്രമല്ല ഭാവിയിൽ എപ്പോൾ വേണമെങ്കിലും അയാൾക്കെതിരെ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും വിധി അന്തിമമായി തീരുമാനിക്കുന്നതുവരെ പൊതുജനമധ്യത്തിൽനിന്ന് അത് തടയാൻ ബാധ്യസ്ഥമാണെന്നും നിരീക്ഷിച്ചാണ് പോസ്റ്റ് നീക്കം ചെയ്യാൻ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.