ന്യൂഡൽഹി: ആക്ഷേപകരമായ ഉള്ളടക്കം സംപ്രേഷണം ചെയ്യരുതെന്നും സമൂഹ മാധ്യമങ്ങളിൽ അത്തരം വിഡിയോകൾ നൽകരുതെന്നും 'റിപ്പബ്ലിക് ടി.വി'ക്കും 'ടൈംസ് നൗ'വിനും ഡൽഹി ഹൈകോടതി നിർദേശം.
മയക്കുമരുന്ന് മാഫിയയുമായി ബന്ധിപ്പിച്ച് തങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ഇൗ രണ്ട് ചാനലുകൾക്കെതിരെ ബോളിവുഡ് നിർമാതാക്കൾ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ഡൽഹി ഹൈകോടതി. രണ്ടാഴ്ചക്കകം മറുപടി നൽകണമെന്ന് ഇരു ചാനലുകളോടും കോടതി ആവശ്യപ്പെട്ടു.
മാധ്യമങ്ങൾക്ക് സമാന്തര വിചാരണയുമായി മുന്നോട്ടുപോകാനാവില്ലെന്ന് കോടതി ഓർമിപ്പിച്ചു. നിങ്ങൾ വാർത്തചാനലാണ്. വാർത്ത കാണിച്ചോളൂ. എന്നാൽ, കുറച്ച് വാർത്തയും കൂടുതൽ അഭിപ്രായങ്ങളുമാണ് വരുന്നത്. കാര്യങ്ങളിൽ മുൻകൂട്ടി തീർപ്പുകൽപിക്കുകയാണ്. ബോളിവുഡ് താരങ്ങൾക്ക് സ്വകാര്യതക്കുള്ള അവകാശമുണ്ട്. ഡയാന രാജകുമാരിക്ക് എന്താണ് സംഭവിച്ചതെന്ന് നോക്കൂ. മാധ്യമങ്ങൾ വിടാതെ പിന്തുടർന്നതുകൊണ്ടാണ് അവർ മരിച്ചത്. ഇതുപോലെയാകാൻ പാടില്ലെന്ന് ഇരു ചാനലുകളോടും ഹൈകോടതി പറഞ്ഞു.
38 നിർമാതാക്കളാണ് ഹൈകോടതിയെ സമീപിച്ചത്. റിപ്പബ്ലിക്കിെൻറ അർണബ് ഗോസ്വാമിയും പ്രദീപ് ഭണ്ഡാരിയും ടൈംസ് നൗവിെൻറ രാഹുൽ ശിവശങ്കറും നാവികാ കുമാറും നടത്തിയ പരാമർശങ്ങൾ പേരെടുത്തു പറഞ്ഞായിരുന്നു ഹരജി. നിരുത്തരവാദപരമായ റിപ്പോർട്ടിങ്ങിന് കോടതി വിധിക്ക് വിധേയമായവരും പിഴയടക്കേണ്ടി വന്നവരുമാണ് ഇവരിൽ പലരുമെന്ന് ഹരജിയിൽ ബോധിപ്പിച്ചിരുന്നു. മയക്കുമരുന്ന് ആരോപണത്തെ തുടർന്ന് നടീനടന്മാരെ ഐ.എസ്.ഐ ബന്ധത്തിലേക്ക് വരെ വലിച്ചിഴച്ചുവെന്ന് ഇവരുടെ അഭിഭാഷകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.