ന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് (മ്യൂക്കോർമൈകോസിസ്) ചികിത്സിക്കുള്ള മരുന്നിന് അമിത നികുതി ഈടാക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ഡൽഹി ഹൈകോടതി. ആംഫോട്ടെറിസിൻ ബി എന്ന മരുന്നാണ് ചികിത്സക്ക് ഉപയോഗിക്കുന്നത്. ഇതിന്‍റെ ഉയർന്ന ഇറക്കുമതി തീരുവ കുറക്കണമെന്ന് ഹൈകോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
''രാജ്യത്തുടനീളം ആയിരക്കണക്കിനാളുകൾക്കാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. ഇവരുടെ ജീവൻ രക്ഷിക്കാൻ ആംഫോട്ടെറിസിൻ ബി ആവശ്യമാണ്. ഇന്ത്യയിൽ മരുന്നിന് ക്ഷാമം തീരുന്നത് വരെ അമിത കസ്റ്റംസ് നികുതി ഒഴിവാക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണം'' -കോടതി ആവശ്യപ്പെട്ടു. ബ്ലാക്ക് ഫംഗസ് ബാധിതനായ മുത്തച്ഛന് മരുന്ന് വാങ്ങുന്നത് സംബന്ധിച്ച് അഭിഭാഷകൻ ഇഖ്റ ഖാലിദ് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ഹൈകോടതി. രാജ്യത്തെ മ്യൂക്കോർമൈക്കോസിസ് ചികിത്സാ സൗകര്യവും മരുന്ന് ക്ഷാമവും കോടതി ഈ വിഷയത്തിൽ പരിഗണിച്ചു.
''ഇന്ത്യയിൽ മരുന്ന് ലഭ്യതക്കുറവ് പരിഹരിക്കുന്നത് വരെ ഇറക്കുമതി തീരുവ ഒഴിവാക്കുന്നത് കേന്ദ്രം ഗൗരവമായി പരിഗണിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് വരെ മരുന്ന് ഇറക്കുമതി ചെയ്യുന്ന വ്യക്തികൾ സ്വയം സമർപ്പിക്കുന്ന ബോണ്ടിന്‍റെ അടിസ്ഥാനത്തിൽ നികുതി ഒഴിവാക്കിെകാടുക്കണം. അഥവാ, തീരുവ സർക്കാർ എഴുതിത്തള്ളുന്നില്ലെങ്കിൽ ഇറക്കുമതി ചെയ്യുന്നവർ അടയ്ക്കാെമന്ന്ബോണ്ടിൽ നിബന്ധന വെച്ചാൽമതി" -ജസ്റ്റിസുമാരായ വിപിൻ സംഘി, ജസ്മീത് സിങ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
ഈ ഉത്തരവ് കേന്ദ്ര നികുതി വിഭാഗത്തെയും ധനകാര്യ സെക്രട്ടറിയെയും അറിയിക്കുമെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നും കേന്ദ്രസർക്കാർ അഭിഭാഷകൻ കീർത്തിമാൻ സിങ് കോടതിയെ അറിയിച്ചു.
രക്തത്തിലെ ഫംഗസ് സാന്നിധ്യം ഇല്ലാതാക്കാനും മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുമാണ് ആൻറി ഫംഗൽ ഇൻജക്ഷൻ മരുന്നായ ആംഫോടെറിസിൻ- ബി നൽകുന്നത്. രോഗം കൂടുതല്‍ അവയവങ്ങളിലേക്ക് ബാധിക്കാതിരിക്കാന്‍ നേരത്തേ കണ്ടെത്തി ചികിത്സ തുടങ്ങുക നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.