പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഇ. അബൂബക്കറിന്റെ ജാമ്യഹരജി ഡൽഹി ഹൈകോടതി തള്ളി

ന്യൂഡൽഹി: യു.എ.പി.എ കേസിൽ തടവിൽ കഴിയുന്ന പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുൻ ചെയർമാൻ ഇ. അബൂബക്കറിന്റെ ജാമ്യഹരജി ഡൽഹി ഹൈകോടതി തള്ളി. ജസ്റ്റിസുമാരായ സുരേഷ് കുമാർ കെയ്റ്റ്, മനോജ് കുമാർ ജെയിൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

യു.എ.പി.എ പ്രകാരം തനിക്കെതിരെ എൻ.ഐ.എ ചുമത്തിയ കേസിൽ യാതൊരു തെളിവും ഇല്ലെന്ന് അബൂബക്കർ വാദിച്ചു. 70 വയസ്സുള്ള താൻ പാർക്കിൻസൺസ് രോഗത്തോട് പോരാടുന്ന, അർബുദത്തെ അതിജീവിച്ചയാളാണെന്നും കസ്റ്റഡിയിലിരിക്കെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നിരവധി തവണ ചികിത്സ തേടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

എന്നാൽ ഹരജിയെ എതിർത്ത എൻ.ഐ.എ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ കേഡർമാരെ പരിശീലിപ്പിക്കാൻ ക്യാമ്പുകൾ സംഘടിപ്പിച്ചതിന് അബൂബക്കറിനെതിരെ തെളിവുണ്ടെന്നും നിരവധി കേസുകളുണ്ടെന്നും വിട്ടയക്കരുതെന്നും വാദിച്ചു.

അബൂബക്കറിന് ഫലപ്രദമായ ചികിത്സ ഉറപ്പാക്കാൻ തിഹാർ ജയിൽ സൂപ്രണ്ടിനോട് 2023 ഫെബ്രുവരിയിൽ ഹൈകോടതി നിർദേശിച്ചിരുന്നു. ആവശ്യമെങ്കിൽ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും ഉത്തരവിട്ടിരുന്നു.

പോപുലർ ഫ്രണ്ട് നിരോധനത്തിന് മുന്നോടിയായി 2022 സെപ്റ്റംബർ 22നാണ് ഇ. അബൂബക്കറിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. സംഘടന ഭാരവാഹികളും അംഗങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഫണ്ട് സ്വരൂപിക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തുകയും ഇതിനായി അവരുടെ കേഡർമാർക്കായി പരിശീലന ക്യാമ്പുകൾ നടത്തുകയും ചെയ്തെന്നായിരുന്നു ദേശീയ അന്വേഷണ ഏജൻസിയു​ടെ ആരോപണം.

2022 സെപ്റ്റംബറിൽ സംഘടനയെ രാജ്യവ്യാപകമായി നിരോധിക്കുന്നതിന് മുമ്പ് നടത്തിയ വ്യാപക റെയ്ഡുകളിൽ നിരവധി സംസ്ഥാനങ്ങളിലെ നേതാക്കളെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2022 സെപ്റ്റംബർ 28നാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് അഞ്ചുവർഷത്തേക്ക് കേ​ന്ദ്ര സർക്കാർ നിരോധനമേർപ്പെടുത്തുന്നത്. 

Tags:    
News Summary - Delhi High Court denies bail to PFI chief E Abubacker in UAPA case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.