ന്യൂഡൽഹി: തബ്ലീഗ് ജമാഅത്ത് ആസ്ഥാനമായ നിസാമുദ്ദീൻ മർകസിൽ പൊതുജനങ്ങൾക്ക് പ്രവേശനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരണമെന്ന ഡൽഹി പൊലീസിന്‍റെ ആവശ്യം തള്ളി ഹൈകോടതി. നിസാമുദ്ദീൻ മർകസിന്‍റെ താക്കോൽ തബ്ലീഗ് ജമാഅത്ത് അമീർ മൗലാന സഅദിന് കൈമാറണമെന്ന് പൊലീസിനോട് കോടതി നിർദേശിച്ചു.
പൊലീസ് ആരോടാണോ താക്കോൽ വാങ്ങിച്ചത്, അയാൾക്ക് തന്നെ തിരിച്ച് നൽകണമെന്ന് ജസ്റ്റിസ് ജസ്മീത് സിങ് പറഞ്ഞു. എന്നാൽ, യഥാർഥ ഉടമ മസ്ജിദിന്‍റെ അവകാശം ഏറ്റെടുക്കാൻ മുന്നോട്ടുവന്നിട്ടില്ലെന്ന് പൊലീസ് വാദിച്ചു. ഡൽഹി വഖഫ് നിയമപ്രകാരം മുതവലിയാണ് മുന്നോട്ടുവരേണ്ടതെന്നും ഹരജിക്കാരനായ ഡൽഹി വഖഫ് ബോർഡല്ലെന്നും പൊലീസ് പറഞ്ഞു. എന്നാൽ, വസ്തു ആരുടെ പേരിലാണ് എന്ന കേസല്ല താൻ പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് ജസ്മീത് സിങ് പറഞ്ഞു. നിങ്ങൾ ഒരു വ്യക്തിയിൽ നിന്നാണ് താക്കോൽ ഏറ്റെടുത്തത്. അത് ആ വ്യക്തിക്ക് തന്നെ തിരിച്ച് നൽകണം -കോടതി വ്യക്തമാക്കി.
പൊലീസിനെ രൂക്ഷമായി വിമർശിച്ച കോടതി, മർകസിന്‍റെ കൈവശാവകാശം പൊലീസ് ഏറ്റെടുത്തത് പകർച്ചവ്യാധി നിയമപ്രകാരമാണെന്ന് ചൂണ്ടിക്കാട്ടി. മഹാമാരി കഴിഞ്ഞിരിക്കുന്നു. ഇനിയും കൈവശം വെക്കാനുള്ള എന്ത് അവകാശമാണുള്ളതെന്നും കോടതി ചോദിച്ചു.
മസ്ജിദിന്‍റെ ഉടമ മുന്നോട്ട് വരണമെന്ന് പൊലീസ് വാദിച്ചു. തുടർന്ന് മസ്ജിദ് മാനേജ്മെന്‍റിനോട് പൊലീസിനെ സമീപിക്കാൻ കോടതി നിർദേശിച്ചു. താക്കോൽ കൈമാറണമെന്നും ആവശ്യമായ വ്യവസ്ഥകൾ മുന്നോട്ടുവെക്കാമെന്നും കോടതി പറഞ്ഞു.
മൗലാന സഅദിൽ നിന്നാണ് മസ്ജിദിന്‍റെ കൈവശാവകാശം ഏറ്റെടുത്തതെന്നും അദ്ദേഹം ഒളിവിലാണെന്നും പൊലീസ് വാദിച്ചു. എന്നാൽ, മൗലാന സഅദ് ഒളിവിലല്ലെന്നും നിസാമുദ്ദീനിൽ തന്നെയുണ്ടെന്നും പൊലീസിന് മുന്നിൽ ഹാജരാകുമെന്നും മർകസ് മാനേജ്മെന്‍റ് അറിയിച്ചു.
കഴിഞ്ഞ റമദാൻ കാലത്ത് നിസാമുദ്ദീൻ മർകസ് പള്ളിയിൽ ദിവസവും അഞ്ചു നേരം നമസ്കാരത്തിന് 50 പേരെ വീതം അനുവദിച്ച് ഡൽഹി ഹൈകോടതി ഉത്തരവിട്ടിരുന്നു. അഞ്ചിൽ കൂടുതൽ പേരെ കടത്തിവിടാൻ പറ്റില്ലെന്ന കേന്ദ്രസർക്കാറിെൻറയും ഡൽഹി പൊലീസിെൻറയും വാദം തള്ളിയായിരുന്നു ഉത്തരവ്.
2020ൽ തബ്ലീഗ് ജമാഅത്ത് സമ്മേളനം കോവിഡ് വ്യാപിക്കാൻ ഇടയാക്കിയെന്ന ആരോപണങ്ങൾക്കൊടുവിലാണ് നിസാമുദ്ദീൻ മർകസ് ഒന്നാകെ പൊലീസ് അടച്ചത്. മർകസുമായി ബന്ധപ്പെട്ട മസ്ജിദ്, മദ്റസ, ഹോസ്റ്റൽ എന്നിവയെല്ലാം അടച്ചിരുന്നു. ഇവയുൾപ്പെടെ മുഴുവൻ സ്ഥലങ്ങളും തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വഖഫ് ബോർഡാണ് ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.