ന്യൂഡൽഹി: പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ കുറ്റമല്ലെന്ന് ഡൽഹി ഹൈകോടതി. പൗരത്വ പ്രക്ഷോഭത്തിെൻറ പേരിൽ ഡൽഹി പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർഥി നേതാക്കൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹി വംശീയാതിക്രമത്തിൽ പ്രതി ചേർത്ത് ഒരു വർഷത്തിലധികമായി ജയിലിൽ കഴിയുന്ന ജാമിഅ മില്ലിയ സർവകലാശാല വിദ്യാർഥി ആസിഫ് ഇഖ്ബാൽ തൻഹ, ജെ.എൻ.യു വിദ്യാർഥികളായ നതാഷ നർവാൾ, ദേവംഗന കലിത എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
ഇവർക്കെതിരെ ആരോപിക്കപ്പെട്ട യു.എ.പി.എ കുറ്റങ്ങളൊന്നും കുറ്റപത്രത്തിൽ കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. അതിശയോക്തി കലർത്തി പെരുപ്പിച്ച് വലിച്ചു നീട്ടിയതാണ് ഡൽഹി പൊലീസിെൻറ കുറ്റപത്രമെന്ന് ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, അനൂപ് ജയറാം ഭംഭാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. കുറ്റപത്രത്തിൽ പറയുന്ന ആരോപണങ്ങളെല്ലാം സി.എ.എ വിരുദ്ധ സമരരീതി എന്ന നിലക്ക് മാത്രമേ കാണാനാവൂ.
മൂന്നു പേരുടേയും കുറ്റപത്രങ്ങൾ വെവ്വേറെയാണ് കോടതി പരിഗണിച്ചത്. വിമത ശബ്ദങ്ങൾ അടിച്ചമർത്താനുള്ള വ്യഗ്രതക്കിടയിൽ പ്രതിഷേധിക്കാനുള്ള ഭരണഘടനപരമായ അവകാശവും തീവ്രവാദ പ്രവർത്തനവും തമ്മിലുള്ള അതിർവരമ്പ് മാഞ്ഞുപോകുന്നതായി നതാഷയുടെ ജാമ്യ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. ഈ മനോഗതി തുടർന്നാൽ ജനാധിപത്യം അപകടപ്പെടുമെന്ന് കോടതി ഓർമിപ്പിച്ചു.
തീവ്രവികാരമുയുർത്തുന്ന മുദ്രാവാക്യങ്ങൾ, സ്ത്രീകളെ പ്രതിഷേധത്തിന് പ്രേരിപ്പിക്കൽ, റോഡ് ഉപരോധ സമരം തുടങ്ങിയവയാണ് വിദ്യാർഥി നേതാക്കൾ ചെയ്ത കുറ്റങ്ങളായി െപാലീസ് പറയുന്നത്. എന്നാൽ, ഇൗ ആരോപണങ്ങളൊന്നും തന്നെ കുറ്റപത്രങ്ങൾ പരിശോധിച്ചപ്പോൾ കാണാനായില്ല. വിഷയം സങ്കീർണമാക്കി ജാമ്യം നൽകുന്നതിന് ഭരണകൂടം വിലങ്ങ് തടിയാവാൻ പാടില്ലെന്ന് നതാഷയുടേയും ദേവാംഗന കലിതയുടേയും ജാമ്യ ഉത്തരവിൽ കോടതി പറഞ്ഞു. ഒരാൾ നൽകിയ സിം കാർഡ് ഗൂഢാലോചന കേസിൽ ഉൾപ്പെട്ട മറ്റൊരാൾക്ക് നൽകുകയും അയാൾ ഈ സിം കാർഡ് ഉപയോഗിച്ച് വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ച് സി.എ.എ പ്രക്ഷോഭവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ അയക്കുകയും ചെയ്തു എന്ന കുറ്റമല്ലാതെ മറ്റൊന്നും തന്നെ ആസിഫിനെതിരെ കണ്ടെത്താനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് മൂന്നുപേരെയും ഡൽഹി പൊലീസ് അറസ്റ്റു ചെയ്തത്. ഇതിനിടയിൽ മറ്റു കേസുകളിൽ ജാമ്യം കിട്ടിയെങ്കിലും യു.എ.പി.എ കേസ് നിലനിൽക്കുന്നതിനാൽ ഇവർക്ക് ജയിലിൽനിന്നും പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.