ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളുടെ കടിഞ്ഞാൺ മുറുക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദ ഐ.ടി ചട്ടങ്ങൾ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഡൽഹി ഹൈകോടതി. ക്വിൻറ് ഡിജിറ്റൽ മീഡിയ, ദി വയർ, ആൾട്ട് ന്യൂസ് തുടങ്ങിയവയാണ് ഐ.ടി ചട്ടങ്ങൾക്കെതിരെ ഡൽഹി ഹൈകോടതിയെ സമീപിച്ചത്. ചട്ടം പാലിച്ചില്ലെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്ന് കാണിച്ച് സർക്കാർ നോട്ടീസ് നൽകിയിരിക്കുകയാണെന്ന് ഹരജിയിൽ പറഞ്ഞു.
ചട്ടം ചോദ്യം ചെയ്ത് രണ്ടു വട്ടം ഡിവിഷൻ ബെഞ്ചിന് മുമ്പിൽ ഹരജി എത്തിയിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ സി. ഹരിശങ്കർ, സുബ്രഹ്മണ്യം പ്രസാദ് എന്നിവർ പറഞ്ഞു. അത് കോടതിയുടെ പരിഗണനയിലുണ്ട്. ചട്ടം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു മാത്രമാണ് ഇപ്പോഴത്തെ സർക്കാർ നടപടികൾ. അതുകൊണ്ട് സ്റ്റേ അനുവദിക്കാനാവില്ല. സർക്കാറിെൻറ സമ്മർദ നടപടികളിൽനിന്ന് സംരക്ഷണം തേടുന്ന ഹരജി ജൂലൈ ഏഴിന് പരിഗണിക്കാൻ മാറ്റി.
ഡിജിറ്റൽ വാർത്ത പോർട്ടലുകളുടെ ഉള്ളടക്കം നിയന്ത്രിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഹരജിക്കാർ പരാതിപ്പെട്ടു. ന്യൂസ് പോർട്ടലുകളെ സോഷ്യൽ മീഡിയക്കൊപ്പം ചേർക്കുന്നത് യുക്തിരഹിതമായ തരംതിരിക്കലാണ്. വാർത്താ മാധ്യമങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് വിധി കൽപിക്കാൻ കേന്ദ്രം തുനിയുന്നത് അനുചിതമാണെന്നും ഹരജിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.