ന്യൂഡൽഹി: ഡൽഹി ജമാ മസ്ജിദിൽ സ്ത്രീകൾ ഒറ്റക്കും കൂട്ടായും പ്രവേശിക്കുന്നത് വിലക്കി നോട്ടീസ്. മസ്ജിദിനു പുറത്താണ് സ്ത്രീകളെ വിലക്കിക്കൊണ്ട് ഭരണസമിതി നോട്ടീസ് പതിച്ചത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി ഡൽഹി ജമാ മസ്ജിദ് ശാഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരി രംഗത്തുവന്നിട്ടുണ്ട്.
പ്രാർഥനക്കായി എത്തുന്ന സ്ത്രീകളെ വിലക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നുമുതലാണ് വിലക്കേർപ്പെടുത്തുക എന്നതിനെ കുറിച്ച് നോട്ടീസിൽ പറയുന്നില്ല. മസ്ജിദിലേക്കുള്ള മൂന്ന് ഗേറ്റിനു മുകളിൽ കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് നോട്ടീസ് പതിച്ചത്. ''പെൺകുട്ടികളും സ്ത്രീകളും ഒറ്റക്കും കൂട്ടായും മസ്ജിദിൽ പ്രവേശിക്കുന്നത് വിലക്കിയിരിക്കുന്നു'' -എന്നാണ് നോട്ടീസിൽ എഴുതിയിരിക്കുന്നത്.
പള്ളിയിൽ ചില പ്രത്യേക സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചതെന്നും ഇമാം പറഞ്ഞു. ആരാധനക്കുള്ള ഇടമാണ് ജമാ മസ്ജിദ്. ജനം സ്വീകരിച്ചതുമാണ് അക്കാര്യം. എന്നാൽ എന്നാൽ സ്ത്രീകളും പെൺകുട്ടികളും ഒറ്റക്ക് പള്ളിയിലെത്തി അവരുടെ ആൺ സുഹൃത്തുക്കളെ കാത്തിരിക്കുന്നു. അങ്ങനെയുള്ള ആവശ്യം അംഗീകരിക്കാനാകില്ല. അതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പള്ളിയും ക്ഷേത്രവും ഗുരുദ്വാരയും ആരാധനക്കുള്ള ഇടങ്ങളാണ്. അതിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തില്ല. ഇന്നത്തെ ദിവസം 20-25 വയസുവരെ പ്രായമുള്ള സ്ത്രീകൾ പള്ളിയിലെത്തി ആരാധന നിർവഹിച്ചിരുന്നു -ഇമാം പറഞ്ഞു.
പള്ളിയിൽ സ്ത്രീകളെ വിലക്കിക്കൊണ്ട് നോട്ടീസ് പതിച്ചതിനെതിരെ ഡൽഹി വനിത കമ്മീഷൻ രംഗത്തുവന്നിരുന്നു. 17ാം നൂറ്റാണ്ടിൽ മുഗളൻമാരുടെ കാലത്ത് പണിത മസ്ജിദ് വിനോദസഞ്ചാരികളുടെ ആകർഷക കേന്ദ്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.