ന്യൂഡൽഹി: ഡൽഹിയിലെ മദ്യ നയത്തെ ചൊല്ലി ബി.ജെ.പിയും എ.എ.പിയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിനൊടുവിൽ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച സസ്പെൻഡ് ചെയ്തു. അന്നത്തെ എക്സൈസ് കമ്മീഷണർ അരവ ഗോപി കൃഷ്ണയെയും ഡെപ്യൂട്ടി കമ്മീഷണർ ആനന്ദ് തിവാരിയെയുമാണ് സസ്‌പെൻഡ് ചെയ്തത്.
മദ്യവിൽപ്പന നയത്തെച്ചൊല്ലി ലഫ്റ്റനന്റ് ഗവർണറുടെ ഓഫീസും ഡൽഹി സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിൽ, ആഗസ്റ്റ് ആറിന് കൃഷ്ണയും തിവാരിയും ഉൾപ്പെടെ എക്സൈസ് വകുപ്പിലെ 11 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന അനുമതി നൽകിയിരുന്നു.
കഴിഞ്ഞ വർഷം എക്സൈസ് നയം രൂപീകരിച്ച് നടപ്പിലാക്കിയപ്പോൾ കൃഷ്ണ എക്‌സൈസ് കമ്മീഷണറായിരുന്നു. ഡൽഹി, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ തിവാരി, മനീഷ് സിസോദിയയുടെ കീഴിൽ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
അസിസ്റ്റന്റ് കമ്മീഷണർമാരായ പങ്കജ് ഭട്‌നാഗർ, നരീന്ദർ സിംഗ്, നീരജ് ഗുപ്ത, സെക്ഷൻ ഓഫീസർമാരായ കുൽജീത് സിംഗ്, സുഭാഷ് രഞ്ജൻ, സുമൻ, ഇടപാടുകാരായ സത്യ ബ്രത് ഭാർഗവ്, സച്ചിൻ സോളങ്കി, ഗൗരവ് മാൻ എന്നിവരെയാണ് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ സസ്പെൻഡ് ചെയ്തത്.
ഡൽഹി എക്സൈസ് നയം 2021-22 ൽ സി.ബി.ഐ അന്വേഷണത്തിന് കഴിഞ്ഞ മാസം ഡൽഹി ലെഫ്റ്റനന്റ് ഗവർണറും ശിപാർശ ചെയ്തതോടെയാണ് എക്സൈസ് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന സിസോദിയ അന്വേഷണ നിഴലിലാവുകയും കേന്ദ്ര ഏജൻസിയുടെ റെയ്ഡുകൾക്ക് വഴിയൊരുങ്ങുകയും ചെയ്തത്.
മദ്യ വിൽപ്പന നയത്തിൽ അഴിമതിയും ബിസിനസ് നിയമങ്ങളുടെ ലംഘനവും ആരോപിച്ച് ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. കമ്മീഷനുവേണ്ടി മദ്യവിൽപ്പന ലൈസൻസികൾക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകിയതായി റിപ്പോർട്ടിൽ ആരോപിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.