അരവിന്ദ് കെജ്രിവാൾ (ഫയൽ ചിത്രം)

ഡൽഹി മദ്യനയ അഴിമതി: ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എ.എ.പി 44 കോടി നൽകിയെന്ന് സി.ബി.ഐ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും എ.എ.പിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സി.ബി.ഐ അഞ്ചാമത്തെ അധിക കുറ്റപത്രം സമർപ്പിച്ചു. മദ്യനയത്തിൽ ചില വ്യവസായികൾക്ക് ആനുകൂല്യം ലഭിക്കാനായി കൈക്കൂലിയായി വാങ്ങിയ 100 കോടിയിൽ, 44 കോടി രൂപ 2022ൽ ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാർട്ടി ഉപയോഗിച്ചെന്ന് അന്വേഷണ ഏജൻസി കുറ്റപത്രത്തിൽ പറയുന്നു. ഇക്കാര്യം രണ്ട് മുൻ എ.എ.പി എം.എൽ.എമാർ വെളിപ്പെടുത്തിയതായും സി.ബി.ഐ പറയുന്നു.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും എം.എൽ.എ ദുർഗേഷ് പതക്കും ചേർന്നാണ് ഗോവയിലേക്ക് പണം എത്തിക്കാനുള്ള പദ്ധതി തയാറാക്കിയത്. ഗോവയിലെ മുൻ എം.എൽ.എമാരായ മഹാദേവ് നാരായൺ നായിക്, സത്യവിജയ് നായിക് എന്നിവരെ ദുർഗേഷ് പതക് നേരിൽ കാണുകയും ഷിരോദ, വാൽപോയ് മണ്ഡലങ്ങളിൽനിന്ന് മത്സരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണം പാർട്ടി എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. മഹാദേവ് നായികിനെ, പതക് ഡൽഹിയിലേക്ക് ക്ഷണിക്കുകയും ഇവിടെവെച്ച് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

തെരഞ്ഞെടുപ്പ് പ്രചാരത്തിനാ‍യി പണം നേരിട്ട് എത്തിക്കുകയായിരുന്നു. ദൈനംദിന ചെലവുകൾക്കായി എ.എ.പിയുടെ സന്നദ്ധപ്രവർത്തകനായ ചൻപ്രീത് സിങ്ങിൽനിന്ന് 17 ലക്ഷം രൂപയോളം നേരിട്ട് വാങ്ങിയതായി സത്യവിജയ് നായിക് മൊഴി നൽകി. ഗോവയിൽ എല്ലാ സ്ഥാനാർഥികളെയും ഒരുമിച്ച് വിളിച്ച ചേർത്ത യോഗത്തിൽ, പണത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് പാർട്ടി അധ്യക്ഷൻ കെജ്രിവാൾ ഉറപ്പു നൽകിയിരുന്നുവെന്നും മുൻ എം.എൽ.എമാർ പറഞ്ഞു. ഹവാല മാർഗത്തിൽ ഗോവയിലേക്ക് പണം കടത്തിയത് വിനോദ് ചൗഹാൻ എന്നയാളാണെന്നും ഇയാൾക്ക് കെജ്രിവാളുമായി അടുത്ത ബന്ധമുണ്ടെന്നതിന് തെളിവുണ്ടെന്നും സി.ബി.ഐ വ്യക്തമാക്കി.

Tags:    
News Summary - Delhi Liquor Scam: 2 Ex-Goa MLAs Paid In Cash By AAP For Poll Expenses, Alleges CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.