ന്യൂഡൽഹി: ഡൽഹിയിലെ ആനന്ദ് പർബത്ത് പ്രദേശത്ത് തളർവാതരോഗിയായ പിതാവിനെ കൊലപ്പെടുത്തിയ 20കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ജിതേന്ദ്ര ശർമ എന്നയാളുടെ മരണവുമായി ബന്ധപ്പെട്ടാണ് മകൻ സുമിത് ശർമ പിടിയിലായത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ജിതേന്ദ്ര ശർമ കട്ടിലിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആർ.എം.എൽ ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്‌മോർട്ടത്തിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. അന്വേഷണത്തിനിടെ, സംഭവദിവസം വൈകിട്ട് 6.30വരെ ജിതേന്ദ്ര ശർമക്കും മകനുമൊപ്പം മദ്യപിച്ചിരുന്ന അയൽവാസിയുടെ മൊഴി രേഖപ്പെടുത്തിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സെൻട്രൽ) ശ്വേത ചൗഹാൻ പറഞ്ഞു. ചോദ്യം ചെയ്യലിൽ മകൻ കുറ്റം സമ്മതിക്കുകയായിരുന്നു. അച്ഛൻ കുറേ നാളായി കിടപ്പിലാണെന്നും താൻ ഒറ്റക്കാണ് നോക്കുന്നതെന്നും സുമിത് പൊലീസിന് മൊഴി നൽകി. ഇരുവരും മദ്യത്തിന് അടിമകളാണെനുനം സംഭവദിവസം രാവിലെ മുതൽ മദ്യപിച്ചുതുടങ്ങിയിരുന്നെന്നും പൊലീസ് പറഞ്ഞു. മദ്യപാനത്തിനിടെ ജിതേന്ദ്ര കട്ടിലിൽ മൂത്രമൊഴിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ജിതേന്ദ്ര 2020ലാണ് ദേഹം തളർന്ന് കിടപ്പിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.