ന്യൂഡൽഹി: സത്യപ്രതിജ്ഞക്കു മുമ്പ് കൗൺസിൽ ഹാളിൽ ബി.ജെ.പി-ആപ് കൗൺസിലർമാർ ഏറ്റുമുട്ടിയതിനെ തുടർന്ന് ഡൽഹിയിൽ മേയർ തെരഞ്ഞെടുപ്പ് നടന്നില്ല. തെരഞ്ഞെടുപ്പിൽ ജയിച്ച കൗൺസിലർമാരുടെ സത്യപ്രതിജ്ഞക്കു മുമ്പെ ലഫ്റ്റനന്റ് ഗവർണർ തലേന്ന് നാമനിർദേശം ചെയ്ത കൗൺസിലർമാരെ സത്യപ്രതിജ്ഞക്ക് വിളിച്ചതോടെയാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ ഇരു പക്ഷത്തെയും നിരവധി കൗൺസിലർമാർക്ക് പരിക്കേറ്റു.
സത്യപ്രതിജ്ഞക്ക് ഏറ്റവും മുതിർന്ന കൗൺസിലറെ താൽക്കാലിക സ്പീക്കറാക്കുകയെന്ന കീഴ്വഴക്കം തെറ്റിച്ച് ബി.ജെ.പി കൗൺസിലറെ ലഫ്റ്റനന്റ് ഗവർണർ ആ സ്ഥാനത്ത് നിയോഗിച്ചതും പ്രശ്നങ്ങൾക്ക് കാരണമായി. ഡൽഹിയിലെ ആപ് സർക്കാറുമായി കൂടിയാലോചിക്കാതെ ലഫ്റ്റനന്റ് ഗവർണർ10 കൗൺസിലർമാരെ നാമനിർദേശം ചെയ്തതിൽ ആപ് പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സത്യപ്രതിജ്ഞക്കായി നിയോഗിച്ച താൽക്കാലിക സ്പീക്കർ സത്യ ശർമ അവരെ ആദ്യം തന്നെ പ്രതിജ്ഞയെടുക്കാൻ വിളിച്ചത്. ആപ് എം.എൽ.എമാരും കൗൺസിലർമാരും പ്രതിഷേധ മുദ്രാവാക്യവുമായി സഭയുടെ നടുത്തളത്തിലേക്ക് നീങ്ങി. തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരെ നാമനിർദേശം ചെയ്യപ്പെട്ടവർക്ക് മുമ്പ് സത്യപ്രതിജ്ഞക്ക് വിളിക്കണമെന്ന് അവർ സത്യശർമയോട് ആവശ്യപ്പെട്ടു. താൽക്കാലിക സ്പീക്കർക്ക് പിന്തുണയുമായി ബി.ജെ.പി അംഗങ്ങളും നടുത്തളത്തിലിറങ്ങിയതോടെ ഉന്തും തള്ളുമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിനുമെതിരെ മുദ്രാവാക്യം വിളിച്ച് ഇരു കൂട്ടരും പിന്നീട് ഏറ്റുമുട്ടുകയായിരുന്നു. ഇരു പാർട്ടിക്കാരും തമ്മിലുള്ള കൈയാങ്കളിക്കിടയിൽ പലർക്കും പരിക്കേൽക്കുകയും വസ്ത്രങ്ങൾ കീറുകയും ചെയ്തു. സത്യപ്രതിജ്ഞക്കുള്ള മൈക്ക് അടക്കമുള്ളവ കൗൺസിലർമാർ പൊട്ടിച്ചെറിഞ്ഞു. ഇതോടെ കൗൺസിൽ യോഗം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെക്കുകയാണെന്ന് സത്യ ശർമ പ്രഖ്യാപിച്ചു.
ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ തോറ്റ ബി.ജെ.പിക്ക് മേയർ തെരഞ്ഞെടുപ്പിൽ ജയിക്കാൻ സൗകര്യം ചെയ്തുകൊടുക്കുകയാണ് ലഫ്. ഗവർണർ ചെയ്യുന്നതെന്ന് ആപ് കുറ്റപ്പെടുത്തി. തന്നിഷ്ടപ്രകാരം നാമനിർദേശം ചെയ്യാൻ ലഫ്റ്റനന്റ് ഗവർണർ 10 ബി.ജെ.പിക്കാരെമാത്രം തെരഞ്ഞെടുത്തതിനെതിരെ എഴുതിയ കത്ത് കെജ്രിവാൾ വ്യാഴാഴ്ച ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. കീഴ്വഴക്കം അനുസരിച്ച് ഏറ്റവും പ്രായമേറിയ കൗൺസിലറായ മുകേഷ് ഗോയലിനെ താൽക്കാലിക സ്പീക്കറാക്കണമെന്നായിരുന്നു ആപ് ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ, ആപ് കൗൺസിലർമാരിൽ വിമതരുണ്ടെന്നും മേയർ തെരഞ്ഞെടുപ്പിൽ തങ്ങൾ ജയിക്കുമെന്നും ബി.ജെ.പി അവകാശപ്പെട്ടു. അതുകൊണ്ടാണ് ആപ് മേയർ തെരഞ്ഞെടുപ്പും കൗൺസിലർമാരുടെ സത്യപ്രതിജ്ഞയും തടഞ്ഞതെന്ന് ഡൽഹിയിലെ എം.പി എന്ന നിലയിൽ വോട്ടു ചെയ്യാനായി കൗൺസിലിൽ എത്തിയ മീനാക്ഷി ലേഖി ആരോപിച്ചു. ആപ് കൗൺസിലർമാർക്കെതിരെ ഡൽഹി പൊലീസിൽ പരാതി നൽകുമെന്നും അക്രമം നടത്തിയ കൗൺസിലർമാരെ ജയിലിലേക്കയക്കുമെന്നും ബി.ജെ.പി എം.പി പർവേഷ് സിങ് വർമ പറഞ്ഞു. 250 വാർഡുകളിലേക്ക് നടന്ന ഡൽഹി മുനിസിപ്പൽ കൗൺസിലിൽ 134 സീറ്റുകളിൽ ജയിച്ചാണ് ആപ് ഭരണം പിടിച്ചത്. ബി.ജെ.പിക്ക് 104 കൗൺസിലർമാരാണുള്ളത്. ആപ് ജയിച്ചാലും തങ്ങൾ മേയർസ്ഥാനം പിടിച്ചെടുക്കുമെന്ന് ബി.ജെ.പി അവകാശപ്പെട്ടിരുന്നു. മേയർസ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്ന് പിന്നീട് പറഞ്ഞ ബി.ജെ.പി അവസാന മണിക്കൂറിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയായിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട 250 കൗൺസിലർമാർക്ക് പുറമെ നാമനിർദേശം ചെയ്യപ്പെട്ട കൗൺസിലർമാർക്കും ഡൽഹിയിലെ ഏഴ് ബി.ജെ.പി ലോക്സഭ എം.പിമാർക്കും മൂന്ന് ആപ് രാജ്യസഭാ എം.പിമാർക്കും ഡൽഹി നിയമസഭയിലെ നാമനിർദേശം ചെയ്യപ്പെട്ട 14 എം.എൽ.എമാർക്കും മേയർ തെരഞ്ഞെടുപ്പിൽ വോട്ടുണ്ട്.
ഒമ്പത് കൗൺസിലർമാരുള്ള കോൺഗ്രസ് മേയർ തെരഞ്ഞെടുപ്പിൽ ഇരുഭാഗത്തും ചേരാതെ വിട്ടുനിൽക്കാൻ തീരുമാനിച്ചത് മറുഭാഗവുമായുള്ള ധാരണയാണെന്ന് ആപ്പും ബി.ജെ.പിയും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.