ഡൽഹി മന്ത്രി അതിഷി നിരാഹാര സമരം ആരംഭിച്ചപ്പോൾ. സമീപം സുനിത കെജ്രിവാൾ പാർട്ടി പ്രവർത്തകരെ സംബോധന ചെയ്യുന്നു

ഡൽഹി ജലക്ഷാമം: നിരാഹാര സമരം ആരംഭിച്ച് മന്ത്രി അതിഷി മർലേന

ന്യൂഡൽഹി: ജലക്ഷാമം രൂക്ഷമായ ഡൽഹിയിലേക്ക് കൂടുതൽ ജലം വിട്ടുനൽകാൻ ഹരിയാന തയാറാകണമെന്നും വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഡൽഹി ജലവിഭവ മന്ത്രി അതിഷി മർലേന അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഭാര്യ സുനിത കെജ്രിവാൾ ഉൾപ്പെടെയുള്ള എ.എ.പി നേതാക്കളും സൗത്ത് ഡൽഹിയിലെ ഭോഗാലിലുള്ള സമരപ്പന്തലിൽ എത്തിയിട്ടുണ്ട്. അതിഷിയുടെ തപസ്യ വിജയിക്കുമെന്ന മുഖ്യമന്ത്രിയുടെ സന്ദേശം സുനിത കെജ്രിവാൾ വായിച്ചു.

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ട് സന്ദർശിച്ച ശേഷമാണ് അതിഷി ഭോഗാലിലെത്തിയത്. സുനിത കെജ്രിവാൾ, എ.എ.പി എം.പി സഞ്ജയ് സിങ്, ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് എന്നിവർ അതിഷിയെ അനുഗമിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും ഹരിയാന സർക്കാർ ജലം വിട്ടുനൽകാൻ തയാറാകുന്നില്ലെന്ന് അതിഷി പറഞ്ഞു. അനീതിക്കെതിരെ പോരാടാൻ സത്യാഗ്രഹത്തിന്‍റെ പാത സ്വീകരിക്കണമെന്നാണ് ഗാന്ധി നമ്മെ പഠിപ്പിച്ചിട്ടുള്ളതെന്നും അവർ വ്യക്തമാക്കി.

ജലക്ഷാമം രണ്ട് ദിവസത്തിനകം പരിഹരിച്ചില്ലെങ്കിൽ ജൂൺ 21 മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ബുധനാഴ്ചയാണ് അതിഷി പ്രഖ്യാപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അതിഷി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തു. 28 ലക്ഷം പേരാണ് പ്രതിസന്ധി നേരിടുന്നതെന്നും ഡൽഹിയിലേക്ക് ദിനംപ്രതി 613 എം.ജി.ഡി വെള്ളം വിട്ടുനൽകേണ്ട സാഹചര്യത്തിൽ 18-ാം തീയതി ഹരിയാന നൽകിയത് 513 എം.ജി.ഡി വെള്ളം മാത്രമാണെന്നും അതിഷി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ജലക്ഷാമം പരിഹരിക്കാൻ ഹിമാചൽ പ്രദേശ്, ഹരിയാന സർക്കാരുകൾ അധിക ജലം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഡൽഹിക്ക് നൽകാൻ അധിക ജലമില്ലെന്നാണ് ഹിമാചൽ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്.

Tags:    
News Summary - Delhi Minister Atishi begins indefinite hunger strike over water crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.