ന്യൂഡൽഹി: ഡൽഹി-മുംബൈ അതിവേഗപാതയിലെ 246 കി.മീ വരുന്ന ഡൽഹി-ദൗദ-ലാൽസോട്ട് സെക്ഷന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച നിർവഹിക്കും. രാജ്യതലസ്ഥാനത്തുനിന്ന് ജയ്പുരിലെത്താൻ നിലവിൽ അഞ്ച് മണിക്കൂർ വേണ്ടയിടത്ത് പുതിയപാതയിലൂടെ മൂന്നരമണിക്കൂർ മതിയാകും.
12,150 കോടി രൂപയാണ് ഈ ഭാഗത്തിന്റെ നിർമാണച്ചെലവ്. ദൗസയിൽ 18,100 കോടിയിലധികം രൂപയുടെ റോഡ് വികസന പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച ബംഗളൂരുവിലെ യെലഹങ്കയിലെ എയർഫോഴ്സ് സ്റ്റേഷനിൽ എയ്റോ ഇന്ത്യ 2023ന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
1386 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-മുംബൈ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേയാണ്. ഇതിലെ ആദ്യ സെക്ഷന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. പാത പൂർത്തിയാകുന്നതോടെ ഡൽഹിയും മുംബൈയും തമ്മിലുള്ള ദൂരം 1424 കിലോമീറ്ററിൽനിന്ന് 1242 കിലോമീറ്ററായി കുറയും.
നിലവിലെ 24 മണിക്കൂറിന് പകരം 12 മണിക്കൂർ കൊണ്ട് എത്താനുമാകും. കോട്ട, ഇന്ദോർ, ജയ്പുർ, ഭോപാൽ, വദോദര, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളിലൂടെ അതിവേഗപാത കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.