ന്യൂഡൽഹി: കോവിഡ് ചികിത്സക്കായി നൽകുന്ന ആൻറി വൈറൽ മരുന്നായ ഫാബിഫ്ലു വിതരണം ചെയ്തത് സംബന്ധിച്ച് കിഴക്കൻ ഡൽഹിയിലെ ബി.ജെ.പി എം.പിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിൽനിന്ന് ഡൽഹി പൊലീസ് വിശദീകരണം തേടി. ഗൗതം ഗംഭീറിന്‍റെ ഓഫിസിൽ നിന്ന് ധാരാളമായി ഫാബിഫ്ലു വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. 'എല്ലാ വിവരങ്ങളും കൈമാറിയിട്ടുണ്ട്. എനിക്ക് സാധ്യമായ വഴികളിലൂടെയെല്ലാം ഡൽഹിയെയും അവിടുത്തെ ജനങ്ങളെയും സേവിക്കും' -ഗൗതം ഗംഭീർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
രാവിലെ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി. ശ്രീനിവാസിനെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ശ്രീനിവാസിന്‍റെ നേതൃത്വത്തിൽ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ സോഴ്സ് അറിയുന്നതിന് വേണ്ടിയായിരുന്നു ഇത്. സംഭവത്തിൽ വൻ പ്രതിഷേധം കോൺഗ്രസ് ഉയർത്തിയിരുന്നു. ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തതിന് ബി.ജെ.പി വക്താവ് ഹരീഷ് ഖുറാനയെയും ഡൽഹി പോലീസ് ചോദ്യം ചെയ്തിരുന്നു.
'ഇതൊരു സാധാരണ നടപടിക്രമം മാത്രമാണെന്നും പ്രതിപക്ഷം അനാവശ്യമായ വിവാദങ്ങൾ ഉയർത്തുകയാണെന്നും ഗൗതം ഗംഭീർ പ്രതികരിച്ചു. വിപണിയിൽ ദൗർലഭ്യമുള്ള ഫാബിഫ്ലു പുസ റോഡിലെ ഗൗതം ഗംഭീറിന്‍റെ ഓഫിസിൽ നിന്ന് രാവിലെ 10 മുതൽ വൈകീട്ട് നാല് വരെയാണ് വിതരണം ചെയ്തിരുന്നത്. ഇതിനെ കോൺഗ്രസ് നേതാവ് പവൻ ഖേരയും ആം ആദ്മി പാർട്ടി നേതാവ് ദുർകേഷ് പഥക്കും ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.