ന്യൂഡല്‍ഹി: ഭാരതീയ ന്യായ സംഹിത പ്രകാരം ഡല്‍ഹി കമല മാര്‍ക്കറ്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസ് ഡല്‍ഹി പൊലീസ് റദ്ദാക്കി. ബി.എന്‍.എസ് 285 പ്രകാരം വഴി തടസപ്പെടുത്തി കച്ചവടം നടത്തിയതിനാണ് കേസെടുത്തത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് സമീപം കച്ചവടം നടത്തുന്ന ബിഹാര്‍ സ്വദേശിയായ 23കാരന്‍ പങ്കജ് കുമാറിനെ പ്രതിചേര്‍ത്തായിരുന്നു കേസെടുത്തത്. എഫ്.ഐ.ആര്‍ പരിശോധിച്ചശേഷം കേസ് ഒഴിവാക്കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
നിലവില്‍ ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മധ്യപ്രദേശിലെ ഗ്വാളിയോറിലാണെന്നും അമിത് ഷാ പറഞ്ഞു. ഗ്വാളിയോറില്‍ മോട്ടോര്‍ സൈക്കിള്‍ മോഷണത്തിനാണു പുതിയ നിയമപ്രകാരം ആദ്യ കേസെടുത്തത്. ജൂലൈ ഒന്നിനു പുലര്‍ച്ചെ 12.10നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടാമത്തെ കേസ് ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയിലെ പൊലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്തു.
രാജ്യത്ത് പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ തിങ്കളാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്. നൂറ്റാണ്ടിലേറെയായി രാജ്യത്ത് നിലനില്‍ക്കുന്ന ക്രിമിനല്‍ നിയമങ്ങളായ ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി), ക്രിമിനല്‍ നടപടി ക്രമം (സി.ആര്‍.പി.സി), ഇന്ത്യന്‍ തെളിവ് നിയമം (ഐ.ഇ.എ) എന്നിവ മാറ്റി തല്‍സ്ഥാനത്ത് യഥാക്രമം ഭാരതീയ നീതി സംഹിത (ബി.എന്‍.എസ്), ഭാരതീയ പൗര സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്), ഭാരതീയ തെളിവ് നിയമം (ബി.എസ്.എ) എന്നിവയാണ് നടപ്പാക്കുന്നത്. പുതിയ നിയമങ്ങള്‍ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.